ന്യൂദല്‍ഹി: ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയില്‍ നിന്ന് ഭാരതത്തെയും ആഫ്രിക്കയെയും അധികകാലം ഒഴിച്ചുനിര്‍ത്താനാകില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇവിടങ്ങളില്‍ രണ്ടര ബില്യണ്‍ ജനങ്ങളുണ്ട്, ലോകത്തിലെ ആറിലൊന്ന് ജനസംഖ്യ. ആഗോള സംഘടനയുടെ നിര്‍ണായക സമിതിയില്‍ ഈ മേഖലയുടെ പ്രതിനിധികളില്ലാത്തതിനെ എങ്ങനെ ന്യായീകരിക്കുമെന്നും സുഷമ ചോദിച്ചു. ന്യൂദല്‍ഹിയില്‍ ഭാരത-ആഫ്രിക്ക മൂന്നാമത് മന്ത്രിതല ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.
ഐക്യരാഷ്‌ട്ര സഭയുടെ ഘടന മാറ്റേണ്ട സമയം അതിക്രമിച്ചു. ലോകത്തിന്റെ വികസനത്തിനും സമാധാനത്തിനും കൂടുതല്‍ ജനാധിപത്യപരമായ സംവിധാനം വേണമെന്നു സുഷമ നിര്‍ദേശിച്ചു. യുഎന്‍ സമാധാന സേനയില്‍ 1,80,000 ഭാരത സൈനികര്‍ സേവനമനുഷ്ഠിക്കുന്നു. ഏറ്റവും കൂടുതല്‍ സൈനികരെ സംഭാവന ചെയ്യുന്ന രാജ്യം ഭാരതം. യുഎന്നിന്റെ സമാധാന ദൗത്യങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യമാകാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ടെന്നും സുഷമ ചൂണ്ടിക്കാട്ടി.
ഭീകരവാദ ഭീഷണി നേരിടാന്‍ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഭാരതം സഹകരിക്കുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. സേനാ വിഭാഗങ്ങള്‍ സംയുക്ത പരിശീലനം നടത്തുന്നു. കൃഷി, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഊര്‍ജം, അടിസ്ഥാനസൗകര്യ വികസനം, ശാസ്ത്ര-സാങ്കേതിവിദ്യ തുടങ്ങിയ മേഖലകളിലും ആഫ്രിക്കയുമായി സഹകരണമുണ്ട്. പാരീസ് വേദിയാകുന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കു മുന്‍പ് ഭാരതവും ആഫ്രിക്കയും ഒന്നിക്കേണ്ട വിഷയങ്ങളില്‍ ധാരണയിലെത്തണം. കെനിയ വേദിയാകുന്ന ലോക വ്യാപാര സംഘടനാ ഉച്ചകോടിക്കു മുന്‍പ് വ്യാപാര കാര്യങ്ങളില്‍ ധാരണയുണ്ടാകണമെന്നും സുഷമ.
















