ശത്രുപക്ഷത്തിന്റെ മനോവീര്യം തകര്‍ക്കുന്നതിന് മായാവിദ്യ അവലംബിക്കാന്‍ തന്നെ തീരുമാനിച്ചുകൊണ്ട് അവന് സ്ഥലംവിട്ടു. ശ്രീരാമന്റേയും വാനരസേനയുടേയും സമരവീര്യത്തെ തളര്ത്തുന്നതിനുവേണ്ടി അവന് മായാസീതയേയും തേരിലേറ്റി പശ്ചിമഗോപുരദ്വാരത്തിലെത്തി. സീതയെ രഥത്തില്‍ കണ്ട് ഹനുമാനും വാനരന്മാരും ആകുലരായി. ഇന്ദ്രജിത്ത് സീതയുടെ കേശത്തില്‍ പിടിച്ചുവലിച്ചു.
മാരുതി കോപതാപങ്ങളാല്‍ എരിപൊരി കൊണ്ടു. എല്ലാവരും നോക്കിനില്‍ക്കെ മായാസീതയെ ഇന്ദ്രജിത്ത് നിര്‍ദ്ദയം ഹിംസിക്കാനും മായാസീത നിലവിളിക്കാനും തുടങ്ങി. അവന് മായാസീതയെ വാളെടുത്ത് വെട്ടിക്കൊന്നു. ചോര ഒഴുകാന്‍ തുടങ്ങി. അത് സാക്ഷാല്‍ സീത തന്നെയെന്നു കരുതി ഹനുമാന് വാനരസേനയോടൊത്ത് ഇന്ദ്രജിത്തിനെ എതിര്‍ത്തു. വാനരന്മാര് ജീവന്മരണ പോരാട്ടം നടത്തി. ഇന്ദ്രജിത്തിന് അല്പം തളര്‍ച്ച അനുഭവപ്പെട്ടു.
സീതാവധമോര്ത്ത് ദുഃഖിതനായ ഹനുമാന് രാമനെ വിവരമറിയിക്കുന്നതിന്നായി പോയി. ആ തക്കംനോക്കി മേഘനാഥന് നികുംഭിലയില്‍ പ്രവേശിച്ച് യജ്ഞമാരംഭിച്ചു. രാവണി സീതയെ വധിച്ച വിവരം ഹനുമാന് രാമനെ അറിയിച്ചു. അദ്ദേഹം മൂര്‍ച്ഛിതനായി നിലംപതിച്ചു. വാനരന്മാര് രാമന് ശീതോപചാരം ചെയ്യാന്‍ തുടങ്ങി. രാമനെ തഴുകിക്കൊണ്ട് ദുഃഖിതനും കോപകലുഷിതനുമായ സൗമിത്രി ധര്‍മ്മത്തേയും സത്യത്തേയും നിന്ദിക്കാനും അര്‍ത്ഥവും പൗരുഷവുമാണ് കാര്യസാധ്യമെന്ന് സമര്‍ത്ഥിക്കാനും തുടങ്ങി. അതുകൊണ്ട് വിഷാദം വെടിഞ്ഞ് പൗരുഷത്തോടെ വൈരികളെ നശിപ്പിക്കണമെന്നും ഉല്‍ബോധിപ്പിച്ചു.
ആ സമയത്ത് വിഭീഷണന് അവിടെ എത്തിച്ചേര്‍ന്നു. ലക്ഷ്മണന്റെ മടിയില്‍ തലയുംവെച്ച് ബോധമില്ലാതെ കിടക്കുന്ന രാമനെക്കണ്ട് കാരണമന്വേഷിച്ചു. ഇന്ദ്രജിത്ത് സീതയെ വധിച്ചവിവരം ലക്ഷ്മണന് ഗദ്ഗദത്തോടെ വിവരിച്ചു. ഇതുകേട്ട് വിഭീഷണന് കൈകൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
കഷ്ടം നിങ്ങളെല്ലാം ഇത്ര വിഡ്ഢികളായല്ലോ. സീതയെ വധിക്കാന്‍ ഈ ത്രിഭുവനത്തില്ആര്ക്കാണ് കഴിയുക. മാത്രമല്ല സീതയെ വധിക്കാന്‍ രാവണന് ഒരിക്കലും അനുവദിക്കുകയില്ലെന്നും ഹനുമാന് കണ്ടത് ഇന്ദ്രജിത്തിന്റെ മായയാണെന്നും അവന് വാനരന്മാരെ ഇപ്രകാരം കബളിപ്പിച്ച് നികുംഭിലയില്‍ പോയി ഹോമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും; അത് നിര്‍വിഘ്നം സമാപിക്കുന്നപക്ഷം മേഘനാഥന് അജയ്യനായിത്തീരുമെന്നും അത് അപ്രകാരം സംഭവിക്കാതിരിക്കണമെങ്കില്‍ യജ്ഞവിഘ്നം വരുത്തുന്നതിന് സൗമിത്രിയേയും സേനയേയും അയക്കണമെന്നും വിഭീഷണന് അറിയിച്ചു.
രാമന് സ്വല്പം ആശ്വാസം കൈവന്നു. വിഭീഷണനോട് വിവരങ്ങള്‍ വീണ്ടും ചോദിച്ചറിഞ്ഞു. യജ്ഞം മുടക്കാനും ഇന്ദ്രജിത്തിനെ വധിക്കാനുമായി ലക്ഷ്മണനെ ഉടനെ അയക്കണമെന്നും വിഭീഷണന് രാമനെ അറിയിച്ചു. ശ്രീരാമന് ലക്ഷ്മണനേയും ഹനുമാന്, അംഗദന്, ജാംബവാന്, നളന്, സുഷേണന്, മൈന്ദന്‍, വിവിദന്‍, കേസരി തുടങ്ങി അനവധി വാരനശ്രേഷ്ഠരോടുകൂടി പോയി മേഘനാഥനെ വധിച്ചുവരുന്നതിനായി അനുഗ്രഹിച്ചയച്ചു. ആ സമയത്ത് ഇന്ദ്രജിത്തിനെ നേരിടുന്നതിനുവേണ്ടി പോകുന്ന ലക്ഷ്മണനോടൊപ്പം തന്നേയും പോകാന്‍ അനുവദിക്കണമെന്ന് രാമനോടപേക്ഷിച്ചു. രാമന് വിഭീഷണന്റെ ആഗ്രഹത്തെ അംഗീകരിച്ചു. സൗമിത്രി രാമപാദങ്ങള്‍ വണങ്ങി അനുഗ്രഹവും ആശീര്‍വാദവും സ്വീകരിച്ച് മേഘനാഥ വധത്തിനായി വില്ലുമെടുത്ത് യാത്ര പുറപ്പെട്ടു.
എത്രയും വേഗത്തില്‍ നികുംഭിലയില്‍ കൂട്ടത്തോടെ പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ നികുംഭിലയെ ലക്ഷ്യമാക്കി നടന്നു. ചെന്ന ഉടനെ ലക്ഷ്മണനും ഹനുമാനും ചേര്‍ന്ന് രാക്ഷസ സൈന്യത്തെ ഛിന്നഭിന്നമാക്കി. ഇതറിഞ്ഞ മേഘനാഥന് വിജയയജ്ഞം പൂര്‍ത്തിയാക്കാതെ രഥാരൂഢനായി യുദ്ധത്തിനെത്തി. ശത്രുപക്ഷത്തില്‍ പിതൃസഹോദരനെ കണ്ടപ്പോള്‍ ഇന്ദ്രജിത്തിന്റെ മട്ടും ഭാവവും മാറി. അയാള്‍ പരുഷവചനങ്ങള്‍ പലതും വിളിച്ചുപറഞ്ഞു. ഈ സമയത്ത് ലക്ഷ്മണന് മേഘനാഥനെ ക്രോധത്തോടെ വെല്ലുവിളിച്ചു. ഇരുവരും ഘോരയുദ്ധത്തില്‍ ഏര്‍പ്പെട്ടു. വിവിധ അസ്ത്രശസ്ത്ര പ്രയോഗങ്ങള്‍ നടത്തി. പരസ്പരം വഴങ്ങിക്കൊടുക്കാത്ത വിജയം തനിക്ക്തന്നെ എന്ന് ഇരുവരും സ്വയം കരുതിക്കൊണ്ട് ഏകലക്ഷ്യത്തോടെ പൊരുതി. രക്തപ്പുഴയൊഴുകി.
സൗമിത്രി തന്റെ യുദ്ധകൗശലം പ്രകടമാക്കി സാരഥിയെ ഭൂമിയില്‍ വീഴ്ത്തി. കുതിരകളെ കൊന്ന് തേരും തകര്‍ത്തു. മേഘനാഥന് താഴെനിന്ന് യുദ്ധം തുടങ്ങി. അതിനിടയില്‍ അപ്രത്യക്ഷനായി ഞൊടിയിടയില്‍ മറ്റൊരു രഥവുമായി തിരികെ രണഭൂമിയിലെത്തി. പുതിയ തേരില്‍ വന്ന മേഘനാഥനെ സൗമിത്രി വേണ്ടപോലെ തന്നെ കൈകാര്യം ചെയ്തു. ഇന്ദ്രജിത്തിന്റെ വില്ലുമുറിച്ചു സാരഥിയെ കൊന്ന് രഥവും തകര്‍ത്തു. വീണ്ടും ഭൂമിയില്‍തന്നെ നിന്നുകൊണ്ട് മേഘനാഥന് തന്റെ രണചേഷ്ടകള് പുറത്തെടുത്തു. ഇവനെ യമപുരിക്കയക്കാന് ഇനിയും വൈകിക്കുന്നത് ശരിയല്ലെന്ന് തീരുമാനിച്ച് ലക്ഷ്മണന് ഐന്ദ്രാസ്ത്രം വില്ലില്‍ തൊടുത്ത് വലിച്ചു പിടിച്ചുകൊണ്ട് ഇപ്രകാരം ജപിച്ചു.
ധര്‍മാത്മ സത്യസന്ധശ്ച രാമോദാശരഥിര്യദി പൗരുഷേചാള പ്രതിദ്വന്ദഃ ശരൈനം ജഹി രാവണിം (യുദ്ധം 91:73)
”ദശരഥനായ രാമചന്ദ്രന് ധര്മാത്മാവും സത്യസന്ധനും പൗരുഷത്തില്‍ എതിരറ്റവനും പരാക്രമിയുമാണെങ്കില് ഈ അമ്പ് രാവണിയെ കൊല്ലട്ടെ.” എന്ന് അഭിമന്ത്രിച്ച് അസ്ത്രമയച്ചു. ആ അസ്ത്രം ലക്ഷ്യത്തില്‍ കൊണ്ടു. മേഘനാഥന് ശിരസ്സറ്റ് വീണു. മേഘനാഥന്റെ ശിരസ്സറുത്ത ആ ശരം നേരെ സിന്ധുജലത്തില്‍ മുങ്ങി പരിശുദ്ധമായ ശേഷം തിരികെ ആവനാഴിയില്‍ പ്രവേശിച്ചു. അങ്ങിനെ ആ വീരന്റെ കഥ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: