ഭഗവാന്റെ ലക്ഷ്യം, ഓരോ വ്യക്തിയെയും ഈശ്വരസാക്ഷാത്കാരത്തിന്, നിത്യാനന്ദത്തിന് അര്‍ഹനാക്കുക എന്നതാണ്. എന്നാല്‍ അവിടുത്തേക്ക് എത്തുവാന്‍ ധര്‍മത്തിന്റെ പാതയില്‍ക്കൂടിയല്ലാതെ സാധ്യമല്ല. ചില അവിവേകികള്‍ക്ക് ധര്‍മം എന്ന വാക്ക് കേള്‍ക്കുന്നതുകൂടി അരോചകമാണ്. ഇത്തരക്കാരെ നമുക്കു ചുറ്റും ഇപ്പോള്‍ കൂടുതലായി കാണാം. അങ്ങനെയുള്ള ഒരു വ്യക്തിയായിരുന്നു കംസന്. കംസനോട് എത്ര ഉപദേശിച്ചാലും അവയൊന്നും ചെവിക്കൊള്ളാനുള്ള പാകത ആ മനസ്സിന് ഉണ്ടായിരുന്നില്ല. ധര്‍മം വെടിഞ്ഞ ഒരു മനസ്സിന് ഒരിക്കലും പരമാത്മ തത്ത്വത്തിലെത്താനും സാധിക്കില്ല.
ശ്രീകൃഷ്ണ ഭഗവാന് വന്നിട്ടുള്ളത് ധര്‍മിക്കും അധര്‍മിക്കും വേണ്ടിയാണ്. അധര്‍മിയെയും ഈശ്വരങ്കല്‍ എത്തിക്കുക എന്ന കടമ അവിടുത്തേക്കുള്ളതാണ്. അധര്മികളില് ധര്‍മബോധം ചെലുത്താന്‍ വേണ്ടതെല്ലാം അവിടുന്നു ചെയ്തു. എന്നിട്ടും ദേഹാത്മബോധത്താല്‍ മത്തരായ അവര്‍ ധര്‍മമാര്‍ഗം കൈക്കൊണ്ടില്ല. പിന്നീട് ഭഗവാന്റെ മുമ്പില്‍ ഒരു വഴിയേ ബാക്കിയുള്ളൂ.
അവരുടെ എല്ലാ അധര്‍മങ്ങള്‍ക്കും പ്രേരകമായിരിക്കുന്ന, ബഹിര്‍മുഖങ്ങളായ ഇന്ദ്രിയങ്ങള്‍ക്ക് അധിഷ്ഠാനമായ ശരീരം നശിപ്പിക്കുക. ശരീരമാകുന്ന തടവറയില്‍നിന്നും അവരുടെ ജീവനെ മോചിപ്പിക്കുക. അതാണ് ഭഗവാന് ചെയ്തത്. അങ്ങേെനയ ശരീരത്തിന്റെ നശ്വരതയെയും ആത്മാവിന്റെ അനശ്വരതയെയും അവരെ ബോധ്യപ്പെടുത്താന്‍ സാധിക്കുമായിരുന്നുള്ളൂ. അതുകൊണ്ടു മാത്രമേ വിഷയങ്ങളുടെ സ്പര്ശമേല്ക്കാത്ത നിത്യാനന്ദത്തിന്റെ അവകാശികളാണു തങ്ങള്‍ എന്ന അനുഭവജ്ഞാനം അവര്‍ക്കു കൈവരൂ.
സ്കൂളില്‍ ഇട്ടുകൊണ്ടുപോയ യൂണിഫോം മുഴുവന്‍ ചെളിയും പൊടിയും ആക്കി വരുന്ന ചില മിടുക്കന്മാരെ കണ്ടിട്ടില്ലേ? കുട്ടിയുടെ മാതാവ് അവന്റെ മുഷിഞ്ഞുനാറിയ കുപ്പായം അഴിച്ചെടുക്കുന്നത് അലക്കിത്തേച്ച പുതിയ വസ്ത്രം നല്‍കാനാണ്. അതിനെ അനീതിയെന്നു പറയാമോ? മറ്റെല്ലാ മാര്‍ഗങ്ങളും പരാജയപ്പെടുമ്പോഴാണ് നിലവിലുള്ള ശരീരത്തില്‍നിന്ന് അധര്‍മിയായ ഒരു വ്യക്തിക്കു മോചനം നല്‍കുന്നത്. പുതിയ ശരീരം ലഭിക്കുമ്പോഴെങ്കിലും ധര്‍മത്തിന്റെ മഹത്ത്വം മനസ്സിലാക്കി ലക്ഷ്യത്തിലേക്കു നീങ്ങാന്‍ അവര്‍ക്കു സാധിക്കും.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: