മുംബൈ: നവംബര്‍ 26 ഭരണഘടനാ ദിനമായി ആഘോഷിക്കണമെന്നും അന്ന് സ്കൂളുകളില്‍ ഭരണഘടനയെക്കുറിച്ച് പ്രത്യേകം പഠിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു.
ഭരണഘടനയെക്കുറിച്ച് ജനങ്ങള്‍ അറിയണം. അതെങ്ങനെ രൂപപ്പെട്ടുവെന്ന് അവരെ പഠിപ്പിക്കണം, മുംബൈയില്‍ ഭരണഘടനാ ശില്‍പ്പി ഡോ. അംബേദ്കര്‍ സ്മാരക നിര്‍മ്മാണത്തിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അംബേദ്കര്‍ മഹാപുരുഷനായിരുന്നുവെന്ന് പറഞ്ഞ മോദി അദ്ദേഹം ഒട്ടേറെ കഠിനാനുഭവങ്ങളില്‍ കൂടി കടന്നുപോയെങ്കിലും ഒരിക്കലും അതില്‍ അസ്വസ്ഥനായില്ലെന്നു ചൂണ്ടിക്കാട്ടി. അംബേദ്കര്‍ ഒരു സമുദായത്തിന്റെ മാത്രം പ്രചോദനമായിരുന്നില്ല, ലോകത്തിന്റെയാകെ പ്രേരണയായി മാറി. ലോകം മാര്ട്ടിന് ലൂഥര്‍ കിങ് ജൂനിയറിനെ അറിയും, ഇനി അറിയാനാഗ്രഹിക്കുന്നത് ഡോ. ബാബാ സാഹേബ് അംബേദ്കറെയാണ്, മോദി പറഞ്ഞു.
നമുക്കറിയാം ആര്‍ക്കൊക്കെ ഭാരതരത്ന ലഭിച്ചത് ലഭിച്ചെന്ന്. പക്ഷേ, അവര്‍ അംബേദ്കര്‍ക്ക് ഭാരത് രത്ന നല്‍കിയില്ല. ബാബാ സാഹേബിന്റെ ജീവിതവുമായി ബന്ധപ്പെട്ട അഞ്ച് നിര്‍ണ്ണായക സ്ഥാനങ്ങളുണ്ട്. അവ പഞ്ചതീര്‍ത്ഥമായി വികസിപ്പിക്കും, പ്രധാനമന്ത്രി പറഞ്ഞു.
ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം ലോക് നായക് ജയപ്രകാശ് നാരായണന്റെ 113-ാം ജന്മദിനമാണെന്ന് ഓര്‍മ്മിപ്പിച്ചു.
ബിജെപി സംവരണത്തിനെതിരാണെന്ന കുപ്രചാരണം വിശ്വസിക്കരുതെന്ന് മോദി പറഞ്ഞു. സര്‍ക്കാര്‍ സംവരണം റദ്ദാക്കാന്‍ പോകുന്നുവെന്നത് അസത്യമാണ്. ബിജെപി എപ്പോള്‍ അധികാരത്തില്‍ വന്നാലും ചിലര്‍ നുണപ്രചരിപ്പിക്കും. അതിലൊന്നാണ് സംവരണം റദ്ദാക്കാന്‍ പോകുന്നുവെന്നത്. വാജ്പേയി സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോഴും ഇതുപോലെ സംഭവിച്ചു, മോദി പറഞ്ഞു. തെരഞ്ഞെടുപ്പു വരുമ്പോഴെല്ലാം ഇത്തരം നുണപ്രചാരണം നടക്കും. ഭാരതം ലോകത്ത് സ്വന്തമായ ഒരു സ്ഥാനം നേടാന്‍ പോകുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി ഒന്നിച്ചുമുന്നേറാമെന്ന് ആഹ്വാനം ചെയ്തു.
15 മാസംകൊണ്ട് 10 വര്‍ഷത്തില്‍ ചെയ്യാവുന്നതിനേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനം ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി ചെയ്തുവെന്ന് മന്ത്രി നിതിന്‍ ഗഡ്കരിയെ മോദി പ്രശംസിച്ചു. റെയില്‍ മന്ത്രി സുരേഷ് പ്രഭുവിന്റെ ഇക്കാലത്തെ പ്രവര്‍ത്തനം റെയില്‍വേയെ അവിശ്വസനീയമായ രീതിയില്‍ മുന്നോട്ടുനയിച്ചുവെന്ന് മോറി പറഞ്ഞു. നമുക്ക് ഇനിയും കൂടുതല്‍ തുറമുഖങ്ങള്‍ വേണം. അവ വികസിപ്പിക്കണം, സാഗര്‍മാലാ പദ്ധതിയെ പ്രോത്സാഹിപ്പിക്കണം. അടല്‍ ബിഹാരി വാജ്പേയിയുടെ ആശയമായിരുന്നു അത്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: