ഞാന്‍ നിങ്ങളോടു സംസാരിക്കുന്നു, നിങ്ങളില്‍ ചിലര്‍ പക്ഷേ വിചാരിക്കുന്നു, ഞാനൊരു നല്ല കാര്യമാണ് ചെയ്യുന്നതെന്ന്, എന്നാല്‍ അതേസമയം ഞാന്‍ അന്തരീക്ഷത്തിലുള്ള ആയിരമായിരം അണു ജീവികള്‍ക്കു ജീവഹാനി വരുത്തുന്നുണ്ടാവാം. ആ വിധത്തില്‍ ഞാന്‍ മറ്റൊന്നിനു തിന്മ ചെയ്യുന്നു. കര്‍മ്മം നമ്മുടെ അടുത്തായിരിക്കുകയും, അതു നാം അറിയുന്നവരെ ഗുണകരമായി ബാധിക്കുകയും ചെയ്യുമ്പോള്‍, അതിനെ നാം സത്കര്‍മ്മമെന്നു പറയുന്നു.
ഉദാഹരണത്തിന്, ഞാന്‍ നിങ്ങളോടു സംസാരിക്കുന്നതിനെ സത്കര്‍മ്മമെന്ന് നിങ്ങള്‍ വിളിച്ചേക്കാം; എന്നാല്‍ അണുജീവികളെ നിങ്ങള്‍ കാണുന്നില്ല; എന്നാല്‍ നിങ്ങളെ സ്വയം കാണുന്നുമുണ്ട്. എന്റെ സംസാരം നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നുള്ളതു നിങ്ങള്‍ക്കു സ്പഷ്ടമാണ്; എന്നാല്‍ അണുജീവികളെ അത് എങ്ങനെ ബാധിക്കുന്നുവെന്ന് അത്ര സ്പഷ്ടമല്ല. ഇതുപോലെ, നമ്മുടെ ചീത്ത പ്രവൃത്തികളെ വിശകലനം ചെയ്തുനോക്കുമ്പോള്‍ അവയ്ക്ക് എവിടെയെങ്കിലും അല്പം നല്ല ഫലം ഉണ്ടാകുന്നതായി കാണാം. സത്കര്‍മ്മത്തില്‍ ദോഷമായ അംശമുണ്ടെന്നും, ദോഷത്തിന്റെ നടുക്കു എവിടെയെങ്കിലും അല്പം നന്മയുണ്ടെന്നും കാണുന്നവരാണ് കര്‍മ്മത്തിന്റെ രഹസ്യം അറിഞ്ഞിട്ടുള്ളവര്‍.
ഇതില്‍നിന്നു സിദ്ധിക്കുന്നതെന്ത്? നാം എത്ര ശ്രമിച്ചാലും, തികച്ചും ശുദ്ധമോ തികച്ചും അശുദ്ധമോ ആയ ഒരു കര്‍മ്മവും – ശുദ്ധമെന്നാല്‍ അഹിംസാപരമെന്നും അശുദ്ധമെന്നാല്‍ ഹിംസാപരമെന്നും ഉള്ള അര്‍ത്ഥത്തില്‍ – ഉണ്ടാവാന്‍ നിവൃത്തിയില്ല. പരദ്രോഹം കൂടാതെ നമുക്കു ശ്വസിപ്പാനോ ജീവിക്കാനോ സാദ്ധ്യമല്ല. നാം ഭക്ഷിക്കുന്ന ഓരോ ഉരുളയും മറ്റൊരു ജീവിയുടെ വായില്‍നിന്നു തട്ടിപ്പറിച്ചതാണ്. നമ്മുടെ ജീവിതംതന്നെ അന്യജീവികളെ തള്ളിപ്പുറത്താക്കിക്കൊണ്ടുള്ളതാണ്. അത് മനുഷ്യരോ മൃഗങ്ങളോ അണുജീവികളോ ആയിരിക്കാം.
ഇവയില്‍ ഒന്നിനെയല്ലെങ്കില്‍ മറ്റൊന്നിനെ തള്ളിപ്പുറത്താക്കാതെ നമുക്കു നിവൃത്തിയില്ല. കാര്യം ഇങ്ങനെയിരിക്കെ, കര്‍മ്മത്തില്‍ക്കൂടി പരിപൂര്‍ണ്ണത പ്രാപിക്കാന്‍ ഒരിക്കലും സാദ്ധ്യമല്ലെന്ന് അനായാസേന സിദ്ധിക്കുന്നു. അനന്തകാലം കര്‍മ്മം ചെയ്താലും ഈ നൂലാമാലയില്‍നിന്നു പുറത്തുകടക്കാന്‍ വഴിയുണ്ടാകയില്ല. നിങ്ങള്‍ക്ക് എത്ര കാലത്തേയ്ക്കോ കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കാം. എന്നാല്‍ കര്‍മ്മഫലത്തിലുള്ള ഗുണദോഷങ്ങളുടെ അപരിഹാര്യമായ ഈ സാഹചര്യം ഒരു കാലത്തും അവസാനിക്കയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: