കൊട്ടാരക്കര: കാലടിയിലെ സ്വകാര്യ മില്ലിലേക്കു കടത്തിയ പന്ത്രണ്ടായിരം കിലോ ഗോതമ്പ് കൊട്ടാരക്കര പോലീസ് പിടികൂടി. റൂറല്‍ എസ്.പി ശശികുമാറിന് ലഭിച്ച രഹസ്യവിവരത്തെ തൂടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കൊട്ടാരക്കര കുന്നക്കരയില്‍ ഗോതമ്പുമായി എത്തിയ ലോറി പിടികൂടിയത്.
220 ചാക്കുകളിലായി 12040 കിലോ ഗോതമ്പാണ് ലോറിയിലുണ്ടായിരുന്നത്. തൂടര്‍ന്ന് പോലീസ് സപ്ലൈ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇവര്‍ നടത്തിയ പരിശോധനയില്‍ ലോറിയിലുണ്ടായിരുന്നത് റേഷന്‍ ഗോതമ്പാണെന്നു കണ്ടെത്തി. കടയ്‌ക്കലില്‍ ശശിധരന്‍ നായരുടെ ഉടമസ്ഥതയിലുള്ള നാലാം നമ്പര്‍ റേഷന്‍ ഡിപ്പോയില്‍ നിന്നാണ് ഗോതമ്പ് കടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. കടയ്‌ക്കലിലുള്ള ഗോഡൗണിലും പോലീസ് പരിശോധന നടത്തി. ലോറി ഡ്രൈവര്‍ പാലക്കാട് നെന്‍മാറ സ്വദേശി ബദറുദ്ദീന്‍(36), ക്ലീനര്‍ ഹക്കീം(20) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഡിവൈ.എസ്.പി അനില്‍ദാസ്, സിഐ ഷൈനുതോമസ്, കൊട്ടാരക്കര എസ്‌ഐ ബെന്നിലാലു, എസ്‌ഐമാരായ സുമിത്ത്, ജയചന്ദ്രന്‍, രാജു, എഎസ്‌ഐ സുധാകരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷാജഹാന്‍ എന്നിവരടങ്ങിയ സംഘമാണ് ഗോതമ്പ് പിടികൂടിയത്.
കൊട്ടാരക്കരയില്‍ നിന്ന് തന്നെ നിരവധി തവണ റേഷന്‍ അരി ഇതുപോലെ പിടികൂടിയിരുന്നു. ഇതെല്ലാം കാലടിയിലെ മില്ലുകളിലേക്കാണ് കടത്തുന്നതെന്ന് സൂചന ലഭിച്ചിട്ടും നടപടി എടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. ഇതെല്ലാം ബ്രാന്‍ഡഡ് സാധനമായി തിരികെയെത്തുകയാണ് പതിവ്. കൊട്ടാരക്കര, കിളിമാനൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ കടത്തുന്ന വന്‍ റാക്കറ്റ് തന്നെ ഉള്ളതായി ആണ് സൂചന. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയിലാണ് പലപ്പോഴും കടത്ത് നടക്കുന്നത്.
















