പാലാ: സിസ്റ്റര്‍ അമല കൊല്ലപ്പെട്ട പാലാ ലിസ്യു മഠത്തില്‍ പോലീസ് കംപ്ലയിന്‍സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് ഡോ. കെ. നാരായണക്കുറുപ്പ് എത്തി മഠം അധികാരികളില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചു. കന്യാസ്ത്രീമാര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ മഠം അധികാരികള്‍ വിശദീകരിച്ചു. മോണ്‍സിഞ്ഞോര്‍മാരായ ജോസഫ് കുഴിഞ്ഞാലിയും ഡോ. ജോസഫ് കൊല്ലംപറമ്പിലും മഠത്തിലെത്തിയിരുന്നു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസിനൊപ്പമാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് മഠത്തിലെത്തിയത്. പ്രതി സതീഷ് ബാബുവിന് മനോവൈകല്യമുണ്ടെന്ന് കേസ് അന്വേഷണത്തിനിടെത്തന്നെ പോലീസ് വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എബി. ജെ. ജോസ് പോലീസ് കംപ്ലയിന്‍സ് അതോറിറ്റി ചെയര്‍മാന് പരാതി നല്‍കിയിരുന്നു.
പത്രസമ്മേളനത്തിന്റെ വിഷ്വല്‍ കണ്ടിട്ട് അതില്‍ ഉള്‍പ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വിശദീകരണം കേട്ട ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സിസ്റ്റര്‍ ജസി മരിയ കൊല്ലപ്പെട്ട ചേറ്റുതോട് മഠത്തിലും ജസ്റ്റിസ് നാരായണക്കുറുപ്പ് സന്ദര്‍ശനം നടത്തി. അന്വേഷണത്തിനിടെ പ്രതിക്ക് മനോവൈകല്യമുണ്ടെന്ന് പോലീസ് വെളിപ്പെടുത്തിയത് ശരിയായില്ലെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
















