മൂവാറ്റുപുഴ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്ന ഇടത്-വലത് മുന്നണി യോഗങ്ങള്‍ തീരുമാനമാകാതെ നീളുന്നു. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ വിതരണം ആരംഭിച്ചപ്പോഴും മുന്നണികളില്‍ ആര് മത്സരിക്കണമെന്ന തീരുമാനം ഉറപ്പിക്കാതെ വന്നതോടെ സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനമെടുത്ത് പത്രികവാങ്ങി കയ്യില്‍ സൂക്ഷിക്കുകയാണ് പലരും. നിലവിലുള്ളവരെ പലരേയും ഒഴിവാക്കണമെന്നും പകരം ജനഅംഗീകാരമുള്ള യുവജനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നുമാണ് സിപിഎമ്മിലും സിപിഐയിലും വാദം ഉയര്‍ന്നിരിക്കുന്നത്. രണ്ടും മൂന്നുംതവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കന്‍ തയ്യാറാവുന്നതും വനിത വാര്‍ഡുകളും സംവരണവാര്‍ഡുകളും കഴിഞ്ഞ് ബാക്കിയുള്ള ജനറല്‍ വാര്‍ഡുകളില്‍ സീറ്റുമോഹികളുടെ എണ്ണം കൂടിയതും മുന്നണിക്ക് ഇപ്പോള്‍ തലവേദ സൃഷ്ടിച്ചിരിക്കുകയാണ്. വിഎസ്-പിണറായി ഗ്രൂപ്പുകള്‍ തമ്മിലുള്ള സ്ഥാനാര്‍ത്ഥികളുടെ വീതംവെപ്പും തീരുമാനമായിട്ടില്ല. യുഡിഎഫില്‍ പലപഞ്ചായത്തുകളിലും കഴിഞ്ഞതവണ യുഡിഎഫ് വിജയത്തിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചവരെ ഈ തെരഞ്ഞെടുപ്പില്‍ പരിഗണിക്കണമെന്നാവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. രണ്ടും മൂന്നും തവണ മത്സരിച്ച് ജയിച്ചവരെ ഒഴിവാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറുള്ള യുവജനങ്ങളെ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളാക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ഗ്രൂപ്പ് നേതാക്കളായ പി.എം.സലിം, അലിയാര് മോളേല്‍, കെ.എം.ഷാജി, കെ.എസ്.ഷമീര്‍, തോമസ് പുച്ചക്കര, പ്രഭാകരന് പഴയിടത്ത് എന്നിവര്‍ ഒപ്പിട്ട പരാതിയില്‍ ആവശ്യപ്പെട്ടു. ഇവരെല്ലാം ഐഗ്രൂപ്പ്കാരും ബ്ലോക്ക് മുതല്‍ ടൗണ്‍ ചുമതലവരെ വഹിക്കുന്നവരുമാണ്. എന്നാല്‍ ഇതിനിടയില്‍ സ്വതന്ത്രരായി മത്സരിക്കാനും ജാതിയടിസ്ഥാനത്തില്‍ തിരിഞ്ഞ് ഇരുമുന്നണിയിലും സഹായിക്കാനും ഇവരില്‍ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതോടെ ഇരുമുന്നണികളിലും ജാതി രാഷ്ട്രീയവും മതരാഷ്ട്രീയവും ഇളകിമറിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: