കോഴിക്കോട്:അമിതവില ഈടാക്കുകയും ബില്‍ ചോദിച്ചപ്പോള്‍ മോശമായി പെരുമാറുകയും ചെയ്തുവെന്ന് കാണിച്ച് ഉപഭോക്താവ് നല്‍കിയ പരാതിയില്‍ കടയുടമയ്‌ക്കെതിരേ നടപടി. രാമനാട്ടുകരയിലെ എം.എം.ഫ്രൂട്ട്‌സ്റ്റാള്‍ ഉടമയ്‌ക്കെതിരേയാണ് 1977ലെ അക്കൗണ്ട് സൂക്ഷിക്കല്‍- സ്റ്റോക്കും വിലനിലവാരവും പ്രദര്‍ശിപ്പിക്കല്‍ നിയമപ്രകാരം ജില്ലാ കലക്ടര്‍ പിഴ ചുമത്തിയത്. പരാതിയില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ കടയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും പരാതിയില്‍ കഴമ്പുണ്ടെന്നും കണ്ടെത്തുകയായിരുന്നു. ഉപഭോക്താക്കളോട് മാന്യമായി പെരുമാറണമെന്ന കര്‍ശന നിര്‍ദ്ദേശവും കടയുടമയ്‌ക്ക് നല്‍കി.
വില,സ്റ്റോക്ക് വിവരം പ്രദര്‍ശിപ്പിക്കുന്നത് ഉറപ്പുവരുത്താനായി സിവില്‍ സപ്ലൈസ് വിഭാഗം ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 1,34,500 രൂപ പിഴ ഈടാക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വില-സ്റ്റോക്ക് വിവരം പ്രദര്‍ശിപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുള്ള പരിശോധനകള്‍ തുടരും.
















