ആലുവ: ആലുവയിലെ ഹെറോയിന്‍ കടത്ത് കേസ് ഏതെങ്കിലും ദേശീയ ഏജന്‍സിക്ക് കൈമാറിയേക്കും. ഈ കേസില്‍ രാജ്യാന്തരതലത്തിലുള്ള കണ്ണികളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ദേശീയ ഏജന്‍സികളിലൊന്നായ കേന്ദ്ര നാര്‍കോടിക് കണ്ട്രോള് ബ്യൂറോ ഈ കേസ് ഏറ്റെടുത്തിട്ടില്ലെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട ചിലകാര്യങ്ങളില്‍ സമാന്തരമായ അനേ്വഷണം നടത്തുന്നുണ്ട്.
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ.എസ്. രഞ്ജിത്താണ് ഇപ്പോള്‍ കേസ് അനേ്വഷിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ വെളിയത്തുനാട് സ്വദേശി ഇബ്രാഹിമിനെ ചോദ്യംചെയ്തപ്പോള്‍ തീവ്രവാദകേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറുമായി ബന്ധമുള്ള പെരുമ്പാവൂര്‍ സ്വദേശി അനസിന് ഈ കേസുമായി ബന്ധമുണ്ടെന്ന് വെളിപ്പെട്ടിട്ടുണ്ട്. അതുപോലെ ഇനി പിടിയിലാകാനുള്ള ആലുവ എടത്തല സ്വദേശി അമീനും അനസുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെട്ടു.
അമീനോട് കീഴടങ്ങണമെന്ന് ബന്ധുക്കള്‍ മുഖേന അനേ്വഷണസംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന് തയ്യാറായില്ലെങ്കില്‍ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.
ഏറെവര്‍ഷം കുവൈത്തില്‍ ജോലിചെയ്തിട്ടുള്ളയാളാണ് ഇബ്രാഹിം. അവിടെ ജയിലില്‍ കഴിഞ്ഞിട്ടുമുണ്ട്. ഇയാളുടെ ഒരു ബന്ധു ഇപ്പോഴും കുവൈത്തിലുണ്ട്. ഇയാള്‍ക്കും മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന സൂചനയാണ് എക്സൈസിന് ലഭിച്ചിട്ടുള്ളത്. എന്‍ഐഎ പോലുള്ള ഏജന്‍സി അനേ്വഷണം ഏറ്റെടുത്താലേ ഈ ശൃംഖലയില്‍പ്പെട്ട കൂടുതല്‍പേരെ പിടികൂടുവാന്‍ കഴിയുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: