പാലാ: രാമപുരം – കൂത്താട്ടുകുളം റോഡില്‍ പള്ളിയാമ്പുറം ശിവക്ഷേത്രത്തിന് എതിര്‍വശം ലക്ഷങ്ങള്‍ വിലവരുന്ന പിഡബ്ല്യൂഡി പുറമ്പോക്കു ഭൂമി സ്വകാര്യ വ്യക്തി മണ്ണിട്ടുനിരത്തി കൈയ്യേറുവാന്‍ ശ്രമിക്കുന്നു. മാസങ്ങള്‍ക്കു മുമ്പേ നാട്ടുകാര്‍ രാമപുരം വില്ലേജ് ഓഫീസര്‍ക്കും, പോലീസിലും രാമപുരം പഞ്ചായത്ത് ഓഫീസിലും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുവാന്‍ അധികാരികള്‍ തയ്യാറായില്ല. കഴിഞ്ഞ പൊതുഅവധി ദിവസം ജെസിബി ഉപയോഗിച്ച് മരക്കുറ്റികളും, ഉപയോഗ ശൂന്യമായ വസ്തുക്കളും, റോഡുസൈഡില്‍ വെള്ളമൊഴുക്കുന്നതിനായുള്ള ഓടകളില്‍ നിറച്ചതുവഴി റോഡില്‍ വെള്ളക്കെട്ടുണ്ടാകുന്നതുമൂലം എതിര്‍വശത്തുള്ള ശിവക്ഷേത്രത്തിന്റെ മൈതാനത്തും, തിരുമുറ്റത്തും മലിനജലം കയറി ഒഴുകുകയാണ്. അധികാരികളെ സ്വാധീനിച്ച് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധം ശക്തമാണ്. നിരവധി അപകടങ്ങള്‍ നടന്ന ഇവിടെ നടക്കുന്ന കൈയ്യേറ്റങ്ങള്‍ അടിയന്തിരമായി ഒഴിപ്പിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അപകടസാദ്ധ്യതയുണ്ടാകുമെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി സംസ്ഥാന സമിതിയംഗം പി.പി. നിര്‍മ്മലന്‍, മണ്ഡലം സെക്രട്ടറി ബി. മനോജ് തടത്തില്‍, ശ്രീനിവാസ് എം.വി., സുരേഷ് ഏഴാച്ചേരി എന്നിവര്‍ പറഞ്ഞു.
















