ന്യൂദല്‍ഹി: കള്ളപ്പണം സ്വയം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം 90 ദിവസം കൊണ്ട് പുറത്തുവന്നത് 3,770 കോടി രൂപ. കള്ളപ്പണം വെളിപ്പെടുത്തി നികുതി അടച്ച് നിയമനടപടികളില്‍ നിന്നും ഒഴിവാകാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏകജാലക സംവിധാനം ബുധനാഴ്ച അവസാനിച്ചപ്പോഴാണ് ഇത്രയും തുക കേന്ദ്ര സര്‍ക്കാരിന്റെ ഖജനാവിലേക്ക് ലഭിച്ചത്. 638 പേരാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കള്ളപ്പണ വിരുദ്ധ നിയമം നടപ്പാക്കലിന്റെ ഭാഗമായാണ് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയത്. സപ്തംബര്‍ 30 നകം കള്ളപ്പണം സ്വയം വെളിപ്പെടുത്തിയാല്‍ നികുതി അടിച്ച് കേസില്‍ നിന്ന് ഒഴിവാകാമെന്നതായിരുന്നു പദ്ധതി. 30 ശതമാനം നികുതിയും 30 ശതമാനം പിഴയും ഡിസംബര്‍ 31 നകം അടച്ചാല്‍ മതിയാകും. ഭാരതത്തിനകത്തും വിദേശരാജ്യങ്ങളിലുമുള്ള കള്ളപ്പണമാണ് വെളിപ്പെടുത്തിയത്.
അവസാന ദിവസമായ സപ്തംബര്‍ 30നും നിരവധിപേരാണ് കള്ളപ്പണം വെളിപ്പെടുത്തലിന് എത്തിയത്. കള്ളപ്പണ വിരുദ്ധ ആക്ടില്‍ ചെറിയ കാലഘട്ടത്തേക്ക് പരാതി ജാലകത്തിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. ജൂലൈ ഒന്ന് മുതല്‍ സപ്തംബര്‍ 30 വരെയാണ് പരാതി ജാലകം ഒരുക്കിയിരുന്നത്. ഇ-ഫയലിങ് സൗകര്യവും 30ന് അര്‍ദ്ധരാത്രിവരെ ഒരുക്കിയിരുന്നു.
സമയം ലഭിച്ചിട്ടും കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ക്ക് എതിരെ കടുത്ത നടപടിയാണ് ഇനി വരിക. പത്തു വര്‍ഷം വരെ തടവും 120 ശതമാനം പിഴയുമാണ് ശിക്ഷ.
















