പാലാ: സിസ്റ്റര്‍ അമലക്കേസ് അന്വേഷണസംഘം മാനസികരോഗിയെ പ്രതിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
മുമ്പ് മേരിഗിരി ആശുപത്രിയില്‍ രണ്ടു കന്യാസ്ത്രീകള്‍ക്ക് തലയ്‌ക്ക് അടിയേറ്റിരുന്നു. ഒരാള്‍ ഡോക്ടറും മറ്റെയാള്‍ ലാബ് ടെക്‌നീഷ്യയുമായിരുന്നു. രാത്രിയില്‍ നടന്ന ഈ അക്രമത്തില്‍ ഉത്തരവാദിയെന്ന നിലയില്‍ കൈപ്പള്ളി സ്വദേശിയായ ഒരാളെ അന്ന് പോലീസ് പിടികൂടിയിരുന്നു. അക്രമത്തിന് തലേന്ന് ആശുപത്രിയില്‍ വച്ച് കന്യാസ്ത്രീകളെ അസഭ്യം പറഞ്ഞു എന്നതായിരുന്നു ആരോപണം. പോലീസ് കസ്റ്റഡിയിലായ ഇയാള്‍ മാനസികരോഗിയായിരുന്നു. ജാമ്യത്തിലെടുക്കാന്‍ ആളില്ലാത്തതിനാല്‍ നാലുമാസം ജയിലില്‍ കിടന്ന ഇയാളെ പിന്നീട് വിട്ടയച്ചു. ഇയാള്‍ ഇപ്പോള്‍ പാലായിലെ ഒരു മാനസികാരോഗ്യപരിചരണ കേന്ദ്രത്തിലെ അന്തേവാസിയാണ്. അന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്ത ഒരു ഉദ്യോഗസ്ഥന്‍ അമലക്കേസ് അന്വേഷണസംഘത്തിലുണ്ട്. പരിചരണ കേന്ദ്രത്തില്‍ കഴിയുന്ന ഇയാളെ അമലാകേസില്‍ ചോദ്യം ചെയ്തതായി പറയപ്പെടുന്നു. അയാള്‍ അവിടെനിന്നും ഇറങ്ങി കൃത്യം നിര്‍വ്വഹിച്ചതാണെന്ന മുന്‍വിധിയോടെ പ്രതിയെന്നുറപ്പിച്ചു അറസ്റ്റു ചെയ്യാനായി ചെന്നുവെങ്കിലും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥന്‍ അയാളുടെ മോശമായ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയപ്പോള്‍ മടങ്ങുകയായിരുന്നുവെന്നും പറയപ്പെടുന്നു.
പ്രതി മാനസിക രോഗിയാണെന്ന പോലീസിന്റെ മുന്‍കൂട്ടിയുള്ള പ്രഖ്യാപനം പൊതുജനങ്ങളില്‍ സംശയം സൃഷ്ടിച്ചിരുന്നു. മേരിഗിരി സംഭവത്തില്‍ എന്തുതരം ആയുധമാണ് ഉപയോഗിച്ചതെന്നു കണ്ടെത്താനും പോലീസിനു സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ മേരിഗിരിയില്‍ കന്യാസ്ത്രീകളെ അക്രമിച്ച സംഭവവും പുനരന്വേഷിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് കംപ്ലയന്‍സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് കെ. നാരായണക്കുറിപ്പിനു പരാതിയും നല്‍കി.
കണ്‍വീനര്‍ എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിനോദ് വേരനാനി, ബേബി ആനപ്പാറ, ബിനു പെരുമന, സാംജി പഴേപറമ്പില്‍, സജി എസ്. തെക്കേല്‍, സെന്‍ തേക്കുംകാട്ടില്‍, ജോഷി എടേട്ട്, വി.റ്റി. വിദ്യാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
















