ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിന് നിരാശജനകമായ തുടക്കം. ട്വന്റി20 പരമ്പരയ്‌ക്ക് മുന്നോടിയായ പരിശീലന ട്വന്റി20യില്‍ ഇന്ത്യ എയോട് എട്ടു വിക്കറ്റിന് തകര്‍ന്നു ദക്ഷിണാഫ്രിക്ക. റണ്ണൊഴുക്കു കണ്ട മത്സരത്തില്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ (87) തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ രണ്ടു പന്ത് ബാക്കി നില്‍ക്കെ ജയത്തിലേക്കു നയിച്ചത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക – 189/3 (20), ഇന്ത്യ എ – 193/2 (19.4).
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ 32 പന്തില്‍ പുറത്താകാതെ 68 റണ്‍സെടുത്ത ജെ.പി. ഡുമിനി മികച്ച സ്‌കോറിലേക്ക് നയിച്ചു. രണ്ട് ഫോറും ആറ് സിസ്‌കറും ഡുമിനിയുടെ ബാറ്റില്‍നിന്ന് പിറന്നു. നായകന്‍ ഹാഫെ ഡ്യുപ്ലെസിസ് (42), എ.ബി. ഡിവില്ലേഴ്‌സ് (37) എന്നിവരും പിന്തുണ നല്‍കി. ഇന്ത്യയ്‌ക്കായി കുല്‍ദീപ് യാദവും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റെടുത്തു.
ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് ഓപ്പണര്‍മാര്‍ അഗര്‍വാളും മനന്‍ വോറയും ചേര്‍ന്ന് 119 റണ്‍സിന്റെ മികച്ച തുടക്കം നല്‍കി. 49 പന്തില്‍ 12 ഫോറും രണ്ട് സിക്‌സറും പായിച്ച് അഗര്‍വാളിന്റെ 87 റണ്‍സ്. വോറ 42 പന്തില്‍ എട്ട് ഫോറും, ഒരു സിക്‌സറും ഉള്‍പ്പെടെ 56 റണ്‍സെടുത്തു. ഇരുവരും മടങ്ങിയെങ്കിലും, സഞ്ജു വി. സാംസണും നായകന്‍ മന്‍ദീപ് സിങ്ങും ചേര്‍ന്ന് രണ്ട് പന്ത് ശേഷിക്കെ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. 22 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറുമള്‍പ്പെടെ സഞ്ജുവിന്റെ സമ്പാദ്യം പുറത്താകെ 31 റണ്‍സ്. മന്‍ദീപ് 12 റണ്‍സുമായി പുറത്താകാതെ നിന്നു. സഞ്ജുവാണ് വിജയ റണ്‍ നേടിയത്. വീണ വിക്കറ്റുകള്‍ മര്‍ച്ചെന്റ് ഡി ലാംഗെയും ജെ.പി. ഡുമിനിയും പങ്കിട്ടു.
മൂന്നു ട്വന്റി20 മത്സര പരമ്പരയിലെ ആദ്യ കളി ഒക്ടോബര്‍ രണ്ടിന് ധര്‍മശാലയില്‍. കട്ടക്ക്, കൊല്‍ക്കത്ത മറ്റു വേദികള്‍. ഏകദിന പരമ്പരയ്‌ക്ക് ഒക്ടോബര്‍ 11ന് കാണ്‍പൂരില്‍ തുടക്കമാകും.
















