ചെന്നൈ: ഐഎസ്എല്‍ രണ്ടാം എഡിഷനില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് കിരീട സാധ്യത ഏറെയാണെന്ന് ടീം കോച്ചും മുന്‍ ഇറ്റാലിയന്‍ താരവുമായ മാര്‍ക്കോ മറ്റരാസി. ഇറ്റലിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ താരങ്ങള്‍ ഇത്തവണ പരുക്കുകള്‍ പറ്റാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും മറ്റെരാസി ചെന്നൈയില്‍ പറഞ്ഞു.
ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ടീമംഗങ്ങളെ പരിചയപ്പെടുത്തുന്ന ചടങ്ങിലാണ് മാര്‍ക്കോ മറ്റെരാസി ടീമിന്റെ സാധ്യതകള്‍ വിലയിരുത്തിയത്. കഴിഞ്ഞ തവണത്തെ പ്രകടനം തുടരാനായാല്‍ ഇത്തവണ കിരീടം സ്വന്തമാക്കാം.
എല്ലാ വിഭാഗങ്ങളിലും ടീം ശക്തമാണ്. ഇനി കളിക്കളത്തിലാണ് ബാക്കി കാര്യങ്ങളെന്നും മെറ്റരാസി കൂട്ടിച്ചേര്‍ത്തു.
ഒരു കോച്ചെന്ന നിലയില്‍ താന്‍ മെച്ചപ്പെടുകയാണെന്നും കോച്ചിന്റെ പണി അത്ര എളുപ്പമല്ലെന്നും മെറ്റരാസി പറഞ്ഞു. നിരവധി പ്രമുഖ കോച്ചുകളുടെ ശിക്ഷണം തുണയായിട്ടുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ പ്രതിഭകളെ കണ്ടെത്തി ഫുട്‌ബോളിലെത്തിക്കേണ്ടതാണെന്നും മറ്റരാസി പറഞ്ഞു.
















