കോട്ടയം: ആയുര്‍വേദ ആശുപത്രിയിലെ തെറാപിസ്റ്റുകളുടെ കുറവ് പരിഹരിക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.
കോട്ടയം ജില്ല ആയുര്‍വേദ ആശുപത്രിയില്‍ പണികഴിപ്പിച്ച പുതിയ ഇരുനില മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആയുഷ് വകുപ്പ് നിലവില്‍ വന്നതിന് ശേഷം എല്ലാ പഞ്ചായത്തുകളിലും ആയുര്‍വേദ ഡിസ്‌പെന്‍സറികളും ഒന്‍പത് പുതിയ ആയുര്‍വേദ ആശുപത്രികളും സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. ആയുര്‍വേദ-സിദ്ധ-യുനാനി ചികില്‍സ ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലയിലെ പാല, വൈക്കം, കോട്ടയം, ചങ്ങനാശ്ശേരി ആയുര്‍വേദ ആശുപത്രികളില്‍ കരള്‍മുക്തി പദ്ധതിയില്‍ നടപ്പിലാക്കുന്ന ഔഷധ കിറ്റുകളുടെ വിതരണം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി.വാര്യര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിജു പുന്നത്താനം, ജില്ലാ പഞ്ചായത്തംഗം അഡ്വ.ഫില്‍സണ്‍ മാത്യൂസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുധാ കുര്യന്‍, വാര്‍ഡ് കൗണ്‍സിലര്‍ അനിഷ തങ്കപ്പന്‍, ഡോ.അരുണ്‍ വി., ഡോ.ആരതി ഗോപിനാഥ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രതി ബി.ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















