റോം: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ നിലവിലെ ചാമ്പ്യന്മാരായ ജുവന്റസ് വീണ്ടും പരാജയപ്പെട്ടു. ഇന്നലെ നടന്ന കളിയില്‍ നാപ്പോളിയാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ചത്.
നാപ്പോളിക്ക് വേണ്ടി 26-ാം മിനിറ്റില്‍ ഇന്‍സിനെയും 62-ാം മിനിറ്റില്‍ ഗൊണ്‍സാലോ ഹിഗ്വയിനും ഗോള്‍ നേടിയപ്പോള്‍ ജുവന്റസിന്റെ ആശ്വാസഗോള്‍ 63-ാം മിനിറ്റില്‍ ലെമിന സ്വന്തമാക്കി. സീസണില്‍ ആറ് കളികള്‍ കളിച്ച ജുവന്റസിന്റെ മൂന്നാം പരാജയമാണിത്. ആറ് കളികളില്‍ നിന്ന് അഞ്ച് പോയിന്റ് മാത്രമുള്ള ജുവന്റസ് പട്ടികയില്‍ 13-ാമതാണ്. 9 പോയിന്റുള്ള നാപ്പോളി പത്താം സ്ഥാനത്തേക്ക് ഉയര്‍ന്നു.
മറ്റൊരു മത്സരത്തില്‍ കരുത്തരായ റോമ ഗംഭീരവിജയം നേടി. കാര്‍പിക്കെതിരായ കളിയില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് എഎസ് റോമ വിജയം കണ്ടത്. റോമക്ക് വേണ്ടി 24-ാം മിനിറ്റില്‍ കോസ്റ്റാസ് മനോലാസ്, 28-ാം മിനിറ്റില്‍ മിറോലാം പാനിക്ക്, 31-ാം മിനിറ്റില്‍ ഗര്‍വീഞ്ഞോ, 51-ാം മിനിറ്റില്‍ മുഹമ്മദ് സലാഹ്, 68-ാം മിനിറ്റില്‍ ലൂക്കാസ് ഡിഗ്‌നെ എന്നിവര്‍ ലക്ഷ്യം കണ്ടു.
കാര്‍പിയുടെ ആശ്വാസഗോള്‍ നേടിയത് 34-ാം മിനിറ്റില്‍ മാര്‍ക്കോ ബൊറില്ലേയാണ്. വിജയത്തോടെ റോമ ആറ് കളികളില്‍ നിന്ന് 11 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
















