കോഴിക്കോട്: കണ്ണംപറമ്പ് പള്ളി ശ്മശാനം പരിപാലിക്കുന്ന കമ്മറ്റിയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി.
ഇതു സംബന്ധിച്ച് കണ്ണംപറമ്പ് പള്ളി ആന്‍ഡ് ശ്മശാന സംരക്ഷണ സമിതി വഖഫ് ബോര്‍ഡില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട്ടെ തന്നെ പ്രധാന മുസ്ലീം ശ്മശാനമായ കണ്ണംപറമ്പ് പള്ളി ശ്മശാനത്തിനായി വര്‍ഷംന്തോറും ലക്ഷക്കണക്കിന് രൂപയാണ് സംഭാവനയായി ലഭിക്കുന്നത്. ഇതുകൂടാതെ വസ്തുവകകളായും ലഭിക്കുന്നുണ്ട്. നിലവിലുള്ള കമ്മറ്റി ഇത്തരത്തിലുള്ള ക്രയവിക്രയങ്ങളുടെ കണക്കുകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നാണ് പരാതി.
പ്രദേശത്തുകാരുടെ നേതൃത്വത്തില്‍ 1983ലാണ് കണ്ണംപറമ്പ് ജുമാഅത്ത് പള്ളി ആന്റ് ശ്മശാന പരിപാലന കമ്മറ്റി എന്ന പേരില്‍ ഒരു കമ്മറ്റി രൂപീകരിക്കുന്നത്. 1983ല്‍ അത് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.
1999 മുതല്‍ നിലവില്‍ വന്ന കമ്മറ്റിയുടെ പ്രസിഡന്റായ എ.പി. അഹമ്മദ് കോയ, ജനറല്‍ സെക്രട്ടറിയായ എം.പി. സക്കീര്‍ ഹുസൈന്‍, ഖജാന്‍ജിയായ ടി.വി. ഉമ്മര്‍ തുടങ്ങിയവരടങ്ങുന്ന ഭരണസമിതി നിലവില്‍ വന്നതിനുശേഷം കൃത്യമായി ജനറല്‍ബോഡി യോഗങ്ങളോ, പ്രവര്‍ത്തകസമിതി യോഗങ്ങളോ വിളിച്ചുചേര്‍ത്തിട്ടില്ലംന്നാണ് ആരോപണം.
സാമ്പത്തിക ഇടപാടു സംബന്ധമായ വരവ്- ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് പ്രവര്‍ത്തക സമിതിയെയോ ജനറല്‍ബോഡിയെയോ അറിയിക്കാതെയും കാണിക്കാതെയുമാണ് കഴിഞ്ഞ 16 വര്‍ഷവും ഇവരുടെ നേതൃത്വത്തില്‍ കമ്മറ്റി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. 2012ല്‍ കമ്മറ്റിയുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിക്കാന്‍ പ്രവര്‍ത്തക സമിതി യോഗം മൂന്നംഗസമിതിയെ നിശ്ചയിക്കുകയും പ്രസ്തുത അംഗങ്ങള്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ മുസ്ലീം വിശ്വാസികളില്‍ നിന്നും വഖഫായും സംഭാവനയായും മറ്റും ലഭിച്ച ഒന്നര കോടിയിലധികം രൂപ സംബന്ധമായ യാതൊരു രജിസ്റ്ററുകളും റിപ്പോര്‍ട്ടുകളും കമ്മറ്റി സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തിയതായും സമിതി ഭാരവാഹികള്‍ പറഞ്ഞു.
കണ്ണംപറമ്പ് ജുമാഅത്ത് പള്ളി ആന്റ് ശ്മശാന പരിപാലന കമ്മറ്റി പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും വരവ്-ചെലവ് കണക്കുകള്‍ സംബന്ധമായ രേഖകള്‍ സൂക്ഷിക്കുന്നതില്‍ വലിയ വീഴ്ച വരുത്തിയതായി 2015 മെയ് മാസത്തില്‍ വഖഫ് ബോര്‍ഡ് നിശ്ചയിച്ച ഓഡിറ്റര്‍ വഖഫ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
വിശ്വാസികളുടെ പണവും സംഭാവനകളും ക്രമരഹിതമായി കൈകാര്യം ചെയ്യുന്ന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരെ മാറ്റിനിര്‍ത്തി കേരള വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ കണ്ണംപറമ്പ് ജുമാഅത്ത് പള്ളി ആന്റ് ശ്മശാന പരിപാലനത്തിനായി നിയമപരമായ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സമിതി ആവശ്യപ്പെട്ടു.
ശ്മശാന കമ്മറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ തെളിവുകള്‍ സഹിതം വിശദീകരിക്കുന്നതിന് വേണ്ടി ഒക്‌ടോബര്‍ ഒമ്പതിന് തെക്കെപ്പുറത്ത് വെച്ച് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഒരു വിശദീകരണയോഗം നടക്കുമെന്നും സംരക്ഷണസമിതി ഭാരവാഹികള്‍ അറിയിച്ചു. സംരക്ഷണസമിതി അംഗങ്ങളായ എം.പി. നൂറുല്‍ ഹസ്സന്‍, എ. വി. മമ്മദ്‌കോയ, എ.ടി.എം. റാഫി, എസ്.വി. അസ്‌കര്‍, പി. റാഷിദ്, ടി.പി. സക്കീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















