ഇരവിപുരം: പാളം മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍തട്ടി മരിച്ച ഷൈമമോളുടെയും അഞ്ചുവയസുകാരനായ മകന്‍ അമീനിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. വാളത്തുംഗല്‍ കൂട്ടിക്കട സരയു നഗറിലെ വീട്ടില്‍ അമ്മയുടെയും മകന്റെയും മൃതദേഹമെത്തിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്ക് സഹിക്കാനായില്ല. രണ്ടുപേര്‍ക്കും നാട് കണ്ണീരൊടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വാളത്തുംഗല്‍ ശ്രീശങ്കര വിദ്യാനികേതനിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് അമീന്‍. അവസാനമായി ഇരുവരെയും ഒരുനോക്ക് കാണുവന്‍ ബന്ധുക്കളും നാട്ടുകാരുമടക്കം വന്‍ജനാവലിയായിരുന്നു വീടിന് മുന്നില്‍ കാത്തുനിന്നത്.
വിദ്യാനികേതനെ പ്രതിനിധികരിച്ച് ജില്ലാ സംയോജക് ആര്‍.ഋഷികേശ്, എ.ജി.ശ്രീകുമാര്‍ എന്നിവര്‍ അന്ത്യമോപചാരം അര്‍പ്പിച്ചു. ശനിയാഴ്ച വൈകിട്ട് നാലരയോടെ കൂട്ടിക്കട റെയില്‍വേ ഗേറ്റിനടുത്തായിരുന്നു സംഭവം. പാളം മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഷൈമാമോളിനെയും അല്‍അമീനിനെയും എതിരെ വന്ന ബിക്കാനീര്‍ എക്‌സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ലോക്കോപൈലറ്റ് കൊല്ലം റെയില്‍വേസ്റ്റേഷനിലെത്തി വിവരം പറയുകയും ഉടന്‍ റെയില്‍വേ അധികൃതര്‍ ഇരവിപുരം സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോഴാണ് നാടിനെ ഞെട്ടിച്ച ദുരന്തവാര്‍ത്ത അറിയുന്നത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
















