കൊട്ടാരക്കര: പാര്‍ട്ടി കമ്മിറ്റികളെ നിഷ്പ്രദമാക്കികൊണ്ട് ആര്‍. ബാലകൃഷ്ണപിള്ള എല്ലാ കാര്യങ്ങളും ഏകപക്ഷീയമായിട്ടാണ് തീരുമാനിക്കുന്നതെന്ന് കേരളകോണ്‍ഗ്രസ് ബി വിട്ട ബ്രിജേഷ് എബ്രഹാം. ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ബ്രിജേഷ് കഴിഞ്ഞദിവസമാണ് അംഗത്വവും പാര്‍ട്ടിപദവിയും രാജിവച്ചത്.
2011ല്‍ കെ.ബി.ഗണേഷ്‌കുമാറിനെ പത്തനാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടി കമ്മിറ്റികളില്‍ ആലോചിക്കാതെയാണ്. അന്ന് ഗണേഷിന് പാര്‍ട്ടിഅംഗത്വം പോലും ഉണ്ടായിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡോ.എന്‍.എന്‍.മുരളിയെ കൊട്ടാരക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതും ഇതേ രീതിയിലായിരുന്നു. പാര്‍ട്ടി നേതാക്കളെയും അണികളേയും ഞെട്ടിച്ച സംഭവമായിരുന്നു അത്. 2011 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷിനെ തോല്‍പ്പിക്കുവാന്‍ ശ്രമിച്ചതോടെയാണ് പാര്‍ട്ടിയുടെ പതനം ആരംഭിച്ചതെന്ന് ബ്രിജേഷ് പറഞ്ഞു. പിള്ളയും മകനും തമ്മിലുള്ള തര്‍ക്കങ്ങളും പിണക്കങ്ങളും രാഷ്‌ട്രീയ അടവാണെന്നും ഇരുവരും സ്വന്തം കാര്യങ്ങള്‍ നേടാനുള്ള വളഞ്ഞ വഴികളാണ് കാണിക്കുന്നതെന്നും ബ്രിജേഷ് കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ ശക്തികേന്ദ്രം കൊല്ലം ജില്ലയായിട്ടും യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ നല്‍കിയ ബോര്‍ഡുകളിലെ അംഗത്വവും, ചെയര്‍മാന്‍ സ്ഥാനങ്ങളും ഇവിടുത്തെ നേതാക്കള്‍ക്ക് ലഭിച്ചിട്ടില്ല. സ്ഥാനങ്ങള്‍ നല്‍കിയതിനു പിന്നില്‍ സാമ്പത്തിക അഴിമതി ആരെങ്കിലും ആരോപിച്ചാല്‍ അവരെ കുറ്റപ്പെടുത്താനും കഴിയില്ല.
യുഡിഎഫില്‍ തുടരാന്‍ വേണ്ടിയാണ് താന്‍ കോണ്‍ഗ്രസില്‍ ചേരുന്നതെന്നും സ്ഥാനമാനങ്ങള്‍ മോഹിച്ചല്ലെന്നും ബ്രിജേഷ് വ്യക്തമാക്കി. പിള്ളയുടെ എല്‍ഡിഎഫ് ബാന്ധവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ബ്രിജേഷ് ഉയര്‍ത്തിയത്.
















