കോടഞ്ചേരി: പാത്തിപ്പാറ പണിയ കോളനിയില്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗം കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍. പിഞ്ചു കുട്ടികള്‍പോലും മയക്കു മരുന്നിനും പുകവലിക്കും അടിമകള്‍. ഭൂരിഭാഗം കുട്ടികളും ത്വക്‌രോഗ ബാധിതര്‍. പണിയ വിഭാഗം താമസിക്കുന്ന കുടിലുകളില്‍ അധികവും വൈദ്യുതിയും കുടിവെള്ളവുമില്ലാത്തത്.
പണിയ കോളനിയില്‍ പാറ്റ എന്ന യുവതി പട്ടിണിയും രോഗവും മൂലം മരിച്ചതറിഞ്ഞ് സന്ദര്‍ശനത്തിനെത്തിയതായിരുന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം രേഖാ ശര്‍മ്മ. പീപ്പ് എന്ന സന്നദ്ധ സംഘടനയുടെ ഭാരവാഹികളായ എസ് രാമനുണ്ണി, അഡ്വ. എ. അരവിന്ദന്‍ എന്നിവരും വനിതാ കമ്മീഷനംഗത്തിനൊപ്പം ഉണ്ടായിരുന്നു.
മിക്കവാറും വീടുകളില്‍ ഒരു നേരമാണ് ഭക്ഷണം. ഉണക്കമീനും ചോറും. പാചകം ചെയ്ത് കഴിക്കുന്നത് അപൂര്‍വമാണ്. കുട്ടികള്‍ മുഴുവന്‍ പോഷകാഹാരക്കുറവിനാല്‍ അനാരോഗ്യത്തിനടിമകള്‍.
എന്നാല്‍, വലുപ്പച്ചെറുപ്പമില്ലാതെ പുകയില പലര്ീതിയില്‍ ഉപയോഗിക്കുന്നവര്‍. സമീപത്തെ കടയില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത് പലതരം പുകയില ഉല്‍പ്പന്നങ്ങള്‍. ആരോഗ്യപ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ളതാണ് കടയെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
ഇന്നലെ രാവിലെ 9 മണിയോടെയാണ് കോടഞ്ചേരി പാത്തിപ്പാറ കോളനിയില്‍ രേഖാശര്‍മ്മ എത്തിയത്. കോടഞ്ചേരി പഞ്ചായത്തിലെ 16 പട്ടിക വര്‍ഗ്ഗ കോളനികളിലൊന്നാണ് പാത്തിപ്പാറ.
നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കമ്മീഷനംഗം ആവശ്യപ്പെട്ടു. കോളനിയിലെ ജീവിതാവസ്ഥ ദുരിതമയമാണ്. ദയനീയമാണ് സാഹചര്യങ്ങള്‍. തീരെ ചെറിയ കുട്ടികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഗൗരവമായി കാണണം. ആരോഗ്യ വകുപ്പും സംസ്ഥാന സര്‍ക്കാരും ഫലപ്രദമായി ഇടപെടണം. അവര്‍ ആവശ്യപ്പെട്ടു. പണിയ വിഭാഗത്തിന്റെ കോളനികളിലെ ജീവിതാവസ്ഥകളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനു വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് അവര്‍ പറഞ്ഞു.
കോളനിയിലെ 29 വീടുകളിലായി 55 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. പഞ്ചായത്തില്‍ 16 കോളനികളാണുള്ളത്. പാത്തിപ്പാറ കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ചതിനു ശേഷം അംഗം വയനാട്ടിലേക്ക് തിരിച്ചു. ഇന്ന് ജില്ലയിലെ വിവിധ ആദിവാസി കോളനികള്‍ സന്ദര്‍ശിക്കും. ജില്ലയിലെ അവിവാഹിതരായ അമ്മമാരുടെ റിപ്പോര്‍ട്ടും ശേഖരിക്കും.
















