മണിമല: വീട്ടമ്മയെയും മകളെയും തെരുവുനായ്‌ക്കളുടെ ആക്രമണത്തില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിച്ച വ്യാപാരിക്ക് വീണ് പരിക്ക്. മണിമല ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലാലി ഫഌവര്‍ സ്റ്റോഴ്‌സ് ഉടമ എം.ജെ. ജോസഫിനാണ് വീണ് കൈക്ക് പരിക്കേറ്റത്. കടയുടെ സമീപത്തുകൂടി സ്റ്റേറ്റ് ബാങ്കിലേയ്‌ക്കുള്ള എളുപ്പവഴിയില്‍ മാസങ്ങളായി നായശല്യം രൂക്ഷമാണ്. വിവിധ സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന ടൗണിന്റെ ഹൃദയഭാഗമായ ബസ് സ്റ്റാന്‍ഡിന് സമീപം രൂക്ഷമായ നായശല്യം അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്. എത്രയും വേഗം നായശല്യത്തിന് പരിഹാരമുണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















