കാഞ്ഞാര്‍ : കാഞ്ഞാറിന്റെ മുഖമുദ്രയായിരുന്ന പാക്ക് അട്ടികള്‍ വിസ്മൃതിയിലേക്ക്. കാഞ്ഞാറിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്ന പാക്കുകളുടെ വിപണന കേന്ദ്രമായിരുന്നു കാഞ്ഞാര്‍ നഗരം. നാട്ടില്‍ പാക്ക് ധാരാളം ലഭിച്ചിരുന്ന കാലത്ത് പത്തോളം പാക്ക് അട്ടികള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കാഞ്ഞാര്‍ – വെള്ളിയാമറ്റം ജംഗ്ഷനിലാണ് ഇവയിലധികവും പ്രവര്‍ത്തിച്ചിരുന്നത്. നൂറോളം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നു. കടലാസിന്റെ കനത്തില്‍ പച്ചപാക്ക് അരിയുന്നത് കൗതുകമുള്ള കാഴ്ചയായിരുന്നു. റബ്ബര്‍ കൃഷി വ്യാപകമായതോടെ കമുക് കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറി. ഇതോടെയാണ് പാക്ക് അട്ടികള്‍ക്ക് ശനിദശ ആരംഭിക്കുന്നത്. ഇപ്പോള്‍ കാഞ്ഞാറില്‍ ഒരു പാക്ക് അട്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ദിവസേന 250 കിലോ പാക്ക് മാത്രമാണ് ്‌വില്‍പ്പനയ്‌ക്കായി എത്തുന്നത്. ഇബ്രാഹിം, സെയ്തു മുഹമ്മദ് എന്നിവരാണ് പ്രതിസന്ധികള്‍ക്കിടയിലും അവശേഷിക്കുന്ന പാക്ക് അട്ടി നടത്തിക്കൊണ്ടുപോകുന്നത്. ഇപ്പോള്‍ ഒരു കിലോ തൊണ്ട് കളഞ്ഞ പച്ച പാക്കിന് 65 രൂപയാണ് വില. പാക്കിന്റെ വില തകര്‍ച്ച മൂലം അവശേഷിക്കുന്ന പാക്ക് കര്‍ഷകരും കൃഷി ഉപേക്ഷിക്കുകയാണ്. 200 പേര്‍ ജോലി ചെയ്തിരുന്ന ഈ മേഖലയില്‍ ഇപ്പോള്‍ പത്തോളം പേരാണ് പണിയെടുക്കുന്നത്. കാഞ്ഞാറിന്റെ മുഖമുദ്രയായിരുന്ന പാക്ക് അട്ടികള്‍ കാല ചക്രത്തിന്റെ മാറ്റത്തില്‍ മറയുമ്പോള്‍ ഒരു നാടിന്റെ കാര്‍ഷിക വിളയും കൂടിയാണ് ഇല്ലാതാകുന്നത്.
















