കെയ്‌റോ: ഭീകരര്‍ എന്നു തെറ്റിദ്ധരിച്ച് മെകിസ്‌ക്കോയില്‍ നിന്നുള്ള വിനോദസഞ്ചാരികളടക്കം 12 പേരെ ഈജിപ്ഷ്യന്‍ സേന കൊലപ്പെടുത്തി. അല്‍ വഹാത്ത് പ്രദേശത്തെ മരുഭൂമിയിലൂടെ നാലു കാറുകളിലായി യാത്ര ചെയ്തിരുന്ന വിനോദസഞ്ചാരികളാണ് ആക്രമണത്തിന് ഇരയായത്.
കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ മെക്‌സിക്കന്‍ പൗരന്മാരാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആശുപത്രിയില്‍ കഴിയുന്ന അഞ്ച് പേരെ അംബാസഡര്‍ ജോര്‍ജി അല്‍വാരെസ് ഫ്യൂനെറ്റസ് സന്ദര്‍ശിച്ചു. ഇവരുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും അംബാസഡര്‍ അറിയിച്ചു.
പ്രവേശന രഹിത മേഖലയില്‍ പ്രവേശിച്ച ഇവരെ ഭീകരരെന്ന് തെറ്റിദ്ധരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതേസമയം കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ഇവരെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നു സംബന്ധിച്ചുള്ള വിവരവും മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
സംഘത്തിലെ ഏതാനും മെക്‌സിക്കന്‍, ഈജിപ്ഷ്യന്‍ സഞ്ചാരികളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രസിഡന്റ് എന്റിക് പെന നീറ്റോ സംഭവത്തില്‍ അപലപിച്ചു.
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ പ്രധാന ഒളിത്താവളമാണ് അല്‍വാഹത്ത്. സാധാരണ വളരെ അപൂര്‍വമായിട്ടേ ഇവിടെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാറുള്ളൂ. വിസ്തൃതിയേറിയ വെസ്റ്റണ്‍ മരുഭൂമി വിദേശസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.
ലിബിയയുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ സൈന്യത്തിന്റെ നിയന്ത്രണം തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിര്‍ത്തി കടന്നുള്ള ആയുധക്കടത്തും ഇവിടെ സജീവമായിരുന്നു. ഐ.എസ് ഭീകരരാണെന്ന തെറ്റിദ്ധാരണയിലാണ് സൈന്യം ഞായറാഴ്ച ആക്രമണം അഴിച്ചുവിട്ടതെന്ന് കരുതുന്നു. അതേസമയം, സമീപനഗരമായ ഫരാഫ്ര വരെ എത്തിയിരുന്നതായി ഐ.എസും അവകാശപ്പെടുന്നു.
കഴിഞ്ഞ മാസം ഫ്രഞ്ച് കമ്പനിയിലെ ജോലിക്കാരനായ ക്രയേഷ്യയില്‍ നിന്നുള്ള ഒരു യുവാവിനെ ഭീകരര്‍ ഈ പ്രദേശത്ത് വച്ച് തലയറുത്ത് കൊന്നിരുന്നു. മാത്രമല്ല സുരക്ഷാ സൈനികര്‍ക്കുനേരെ നിരവധി ആക്രമണങ്ങളും ഭീകരര്‍ നടത്തിയിരുന്നു. വര്‍ധിച്ചുവരുന്ന ഭീകരരുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൈന്യത്തിന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
















