റിയാദ്: മെക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. അപകടത്തില്‍ രണ്ട് മലയാളികളും മരിച്ചിട്ടുണ്ട്. പാലക്കാട് കല്‍മണ്ഡപം മീനാനഗര്‍ സ്വദേശി മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ തത്തമംഗലം സ്വദേശിനി മൂമിന(29 )യാണ് മരണമടഞ്ഞ ഒരാള്‍. രണ്ടാമത്തെയാളുടെ വിശദ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അപകടത്തില്‍ ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പതിനഞ്ച് ഭാരതീയര്‍ക്ക് പരിക്കുണ്ട്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂമിനയും ഭര്‍ത്താവ് മുഹമ്മദ് ഇസ്മയിലും മക്കയിലേക്ക് പോയത്. മുഹമ്മദ് ഇസ്മയില്‍തന്നെയാണ് മൂമിനയുടെ മരണവാര്‍ത്ത വീട്ടുകാരെ അറിയിച്ചത്. മക്കള്‍ ആയിഷാമറിയം(അഞ്ചാംക്ലാസ്), ആഷിബ് (രണ്ടാം ക്ലാസ്), അന്‍ഷീബ്( എല്‍ കെ ജി) ഭാരത് മാതാ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.
വെള്ളിയാഴ്ച വൈകിട്ട് സൗദി സമയം അഞ്ചരയോടെയാണ് അറ്റകുറ്റപ്പണിക്ക് എത്തിച്ചിരുന്ന, പള്ളിയിലെ മൂന്നാം നിലയില്‍ സ്ഥാപിച്ചിരുന്ന ചുവപ്പ് ക്രെയിന്‍ ശക്തമായ കാറ്റിലും മഴയിലും നിലംപതിച്ചത്. അന്‍പതു മൈല്‍ വേഗത്തിലുള്ള കാറ്റാണ് അടിച്ചത്. വൈകിട്ടത്തെ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്ന ഹജ് തീര്‍ഥാടകര്‍ക്ക് ഇടയിലേക്കാണ് ക്രെയിന്‍ വീണത്. വലിയ പള്ളിക്കു ചുറ്റും അറ്റകുറ്റപ്പണികള്‍ക്കായി നിരവധി ക്രെയിനുകളാണ് ഉറപ്പിച്ചിരുന്നത്. അവയില്‍ ഒന്നാണ് തകര്‍ന്നത്. അതിനൊപ്പം കെട്ടിടത്തിന്റെ ഭാഗങ്ങളും പൊളിഞ്ഞുവീണു.
കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ പറ്റുന്ന രീതിയില്‍ പ്രധാന പള്ളിയുടെ വിസ്തീര്‍ണ്ണം നാലു ലക്ഷം ചതുരശ്ര മീറ്ററാക്കി വര്‍ദ്ധിപ്പിക്കാനുള്ള പണികളാണ് നടന്നുവന്നിരുന്നത്. ഒരേസമയം 22 ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം വിപുലപ്പെടുത്താനാണ് പദ്ധതി.
2012ല്‍ 30 ലക്ഷം പേരാണ് വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ വര്‍ഷം തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിച്ചിരുന്നു. 2006ല്‍ ഇവിടെയുണ്ടായ തിക്കിലും തിരക്കിലും 350 പേര്‍ മരണമടഞ്ഞിരുന്നു. ഇവിടെ പലകുറി വലിയ ദുരന്തങ്ങള്‍ ഉണ്ടായിട്ടുമുണ്ട്.
ദുരന്തം ഉണ്ടായെങ്കിലും ഹജ്ജ് തീര്‍ഥാടനം മുടക്കമില്ലാതെ തുടരുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. ദുരന്തത്തെപ്പറ്റി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
















