കക്കോടി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ആത്മഹത്യയെത്തുടര്‍ന്ന് മൊബൈല്‍ ഫോണിലെ ഡാറ്റ നശിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി എലത്തൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മക്കട ബദിരൂരിലെ ജെതിന്‍ (33) വീടിനുള്ളില്‍ സപ്തംബര്‍ മൂന്നിന് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ജെതിന്റെ മുറിയില്‍ നിന്ന് ചിലര്‍ എടുത്തുകൊണ്ടുപോയ മൊബൈലിലെ ഡാറ്റ നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കണം. ആത്മഹത്യ ചെയ്യുന്നതായി സുഹൃത്തുക്കള്‍ക്ക് വാട്‌സ് അപ്പ് മെസ്സേജ് അയച്ചിരുന്നു. ആത്മഹത്യ കുറിപ്പ് നഷ്ടപ്പെട്ടതിനെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ജെതിന്റെ അച്ഛനും പരാതി നല്‍കിയിരുന്നു.
















