പാരീസ്: യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥികളെ സഹായിക്കാന്‍ ജര്‍മനിയും ഫ്രാന്‍സും നടപടി തുടങ്ങി. ജര്‍മനി ആറു ബില്യണ്‍ യൂറോ അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിനു മാറ്റിവയ്‌ക്കും. 31,443 പേരെ ഏറ്റെടുക്കുമെന്നും ചാന്‍സലര്‍ ആഞ്ജലീന മെര്‍ക്കല്‍ പ്രഖ്യാപിച്ചു.
ഫ്രാന്‍സ് 24,031 പേരെ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഏറ്റെടുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദും വ്യക്തമാക്കി. ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 14,931 പേരെ ഏറ്റെടുക്കുമെന്ന് സ്‌പെയ്‌നും പ്രഖ്യാപിച്ചു. അഭയാര്‍ത്ഥികളെ സഹായിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളായ ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും നടപടി.
സിറിയ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ഗ്രീസ്, ഇറ്റലി, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് അഭയാര്‍ത്ഥികള്‍ എത്തുന്നത്. സ്ഥിതി ഗുരുതരമായതോടെ ഈ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ തടഞ്ഞു തുടങ്ങി. ഇത് പ്രതിസന്ധിയായതോടെയാണ് ജര്‍മനിയും ഫ്രാന്‍സുമടക്കം രംഗത്തെത്തിയത്. ഗ്രീസ്, ഇറ്റലി, ഹംഗറി രാജ്യങ്ങളുടെ ഭാരം കുറയ്‌ക്കാന്‍ തയാറെന്ന് മെര്‍ക്കലും ഒളാന്ദും വെവ്വേറെ പ്രസ്താവനയില്‍ അറിയിച്ചു.
നിലവില്‍ യൂറോപ്പിലെത്തിയ പകുതിയോളം പേരെ ഈ രാജ്യങ്ങള്‍ ഏറ്റെടുക്കുമെന്നാണ് കണക്കാക്കുന്നത്. അഭയാര്‍ത്ഥികളുടെ മരണമുയര്‍ത്തിയ സഹതാപ തരംഗം ജനങ്ങളിലുണ്ടാക്കിയ ചലനം സര്‍ക്കാരുകളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഈ വര്‍ഷം എട്ടു ലക്ഷം അഭയാര്‍ത്ഥികളെങ്കിലും എത്തുമെന്നാണ് ജര്‍മനി കണക്കാക്കുന്നത്.
അതേസമയം, ഇസ്രയേല്‍ അടക്കം പല രാജ്യങ്ങളും ഇവരെ സ്വീകരിക്കാന്‍ തയാറാകുന്നില്ല. യൂറോപ്യന്‍ യൂണിയന് പൊതുവില്‍ കുടിയേറ്റ നിയമമില്ലാത്തത് എല്ലാവരെയും ഉള്‍പ്പെടുത്തുന്നതിനും തടസം.
ജര്‍മനിയും, ഫ്രാന്‍സും സജീവമായതോടെ അംഗരാജ്യങ്ങള്‍ക്കിടയില്‍ സമവായത്തിന് യൂറോപ്യന്‍ യൂണിയനും ശ്രമം തുടങ്ങി. യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജീന്‍ ക്ലൗഡ് ജങ്കര്‍ നേരിട്ടാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ജര്‍മനിയും ഫ്രാന്‍സും പകുതിയിലധികം അഭയാര്‍ത്ഥികളെ ഏറ്റെടുക്കാന്‍ തയാറായത് ആശ്വാസകരമെന്ന് ക്ലൗഡ്. അഭയാര്‍ത്ഥികളെ രാജ്യങ്ങള്‍ പങ്കിട്ടെടുക്കണമെന്ന് ജര്‍മനി നിര്‍ദേശിച്ചിട്ടുണ്ട്.
















