കൊട്ടാരക്കര: വീട്ടുജോലിക്ക് നിന്ന വീട്ടില്‍ നിന്നും ഒരു ലക്ഷത്തി ഇരുപത്തി മൂവായിരം രൂപ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. കോട്ടാത്തല സ്വദേശി അര്‍ച്ചന എന്നു വിളിക്കുന്ന അനിഷ (22) ആണ് പിടിയിലായത്. കൊട്ടാരക്കര ടിബി ജംഗ്ഷന്‍ പള്ളിശ്ശേരി മഠത്തില്‍ റിട്ട.അധ്യാപിക ഭദ്രാമ്മയുടെ വീട്ടില്‍ നിന്നാണ് ഇവര്‍ രണ്ട് തവണയായി രൂപ കവര്‍ന്നത്. കഴിഞ്ഞമാസം 27നായിരുന്നു മോഷണം. രണ്ട് മാസത്തോളമായി അനിഷ ഇവിടെ ജോലിക്ക് എത്തിയിട്ട്. മക്കള്‍ വിദേശത്തായ ഭദ്രാമ്മ ഒറ്റക്കാണ് ഇവിടെ താമസം. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. രണ്ട് മാസത്തോളമായി ഇവര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇവരുടെ അഡ്രസ് പോലും ഭദ്രാമ്മക്ക് അറിയില്ലായിരുന്നു. മോഷ്ടിച്ച പണം കൊണ്ട് അമ്മക്കും തനിക്കും സ്വര്‍ണ്ണം വാങ്ങിയതായി അനിഷ പോലീസിനോട് സമ്മതിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്‌ഐ ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
















