റോം: ഫോര്‍മുല വണ്‍ ട്രാക്കില്‍ മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയി ഹാമില്‍ട്ടണിന്റെ കുതിപ്പ് തുടരുന്നു. ഇറ്റാലിയന്‍ ഗ്രാന്‍ഡ്പ്രീയിലും കിരീടം ഹാമില്‍ട്ടണിന്. ഈ സീസണില്‍ ഏഴാം കിരീടം നേടിയ ബ്രിട്ടീഷ് ഡ്രൈവര്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തുന്നതിലേക്ക് ഒരുപടികൂടി അടുത്തു. ബ്രിട്ടീഷ് ഡ്രൈവറുടെ കരിയറിലെ അമ്പതാം ജയമാണിത്. ഈ സീസണിലും ചാമ്പ്യന്‍ഷിപ്പ് നേടിയാല്‍ മൂന്നാം തവണയാകും താരത്തിന്റെ കിരീടധാരണം.
ടീമംഗം നിക്കോ റോസ്‌ബെര്‍ഗിന് മത്സരം പൂര്‍ത്തിയാകാന്‍ സാധിക്കാത്തതും ഹാമില്‍ട്ടണിന്റെ കിരീടത്തിലേക്കു യാത്ര ഏളുപ്പമാക്കി. ഇവിടെ ഹാമില്‍ട്ടണിനു പിന്നില്‍ കുതിച്ച റോസ്‌ബെര്‍ഗിന്റെ കാറിന്റെ എഞ്ചിനില്‍നിന്ന് പുകയുയര്‍ന്നത് പരിഭ്രാന്തി പരത്തി. മത്സരം അവസാനിപ്പിച്ച റോസ്‌ബെര്‍ഗ് ട്രാക്കില്‍നിന്ന് ബൈക്കില്‍ കയറി പോയി. ഇറ്റലിയിലെ ജയത്തോടെ റോസ്‌ബെര്‍ഗിനേക്കാള്‍ 53 പോയിന്റ് ലീഡായി ഹാമില്‍ട്ടണിന്. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ രണ്ടാമതും, വില്യംസിന്റെ ഫെലിപ്പ് മാസ മൂന്നാമതും ഫിനിഷ് ചെയ്തു.
















