ലണ്ടന്‍: ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു. ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ അവസാനിച്ച രണ്ടാം ഏകദിന മത്സരത്തിനു ശേഷം വാട്‌സണ്‍ തീരുമാനം പ്രഖ്യാപിച്ചത്.
മത്സരത്തിനിടെ വലതു കാല്‍ക്കുഴയ്‌ക്കു പരുക്കേറ്റതും തീരുമാനത്തിനു കാരണമായി. ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വിറ്ററിലൂടെ വിരമിക്കല്‍ സ്ഥിരീകരിച്ചു. ആഷസില്‍ ഇംഗ്ലണ്ടിനോട് ഓസ്‌ട്രേലിയ തോറ്റതും പരമ്പരയില്‍ കാര്യമായ പ്രകടനത്തിനാകാതെ ടീമില്‍നിന്ന് പുറത്തു പോകേണ്ടി വന്നതും വാട്‌സണെ അലോസരപ്പെടുത്തിയിരുന്നു.
പെട്ടെന്നെടുത്ത തീരുമാനമല്ല, കഴിഞ്ഞ ഒരു മാസമായി ഇതേക്കുറിച്ചു ചിന്തിക്കുകയായിരുന്നുവെന്ന് വാട്‌സണ്‍ പറഞ്ഞു. ഇതാണ് ശരിയായ സമയം. ഏകദിന, ട്വന്റി20 മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കാനാകുമെന്നു പ്രതീക്ഷ- വാട്‌സണ്‍ പറഞ്ഞു.
2005 ജനുവരിയില്‍ സിഡ്‌നിയില്‍ പാക്കിസ്ഥാനെതിരേ ടെസ്റ്റില്‍ അരങ്ങേറിയ ഇദ്ദേഹം ഈ സീസണില്‍ കാര്‍ഡിഫിലെ ആദ്യ ആഷസ് ടെസ്റ്റിലാണ് അവസാനം കളിച്ചത്.
ടീം തോറ്റ കളിയില്‍ ആദ്യ ഇന്നിങ്‌സില്‍ 20, രണ്ടാമത്തേതില്‍ 19 റണ്‍സും സമ്പാദ്യം. രണ്ടിന്നിങ്‌സിലുമായി 13 ഓവര്‍ എറിഞ്ഞ വാട്‌സണിന് വിക്കറ്റും ലഭിച്ചില്ല. 59 ടെസ്റ്റില്‍ 109 ഇന്നിങ്‌സുകളില്‍നിന്ന് 3,731 റണ്‍സ് സ്വന്തമാക്കി വാട്‌സണ്‍. ശരാശരി 35.19. ഉയര്‍ന്ന സ്‌കോര്‍ 176. നാല് സെഞ്ചുറിയും 24 അര്‍ധസെഞ്ചുറിയും ആ ബാറ്റില്‍നിന്ന് പിറന്നു. 75 വിക്കറ്റുകളും നേടി. മൂന്നുവട്ടം അഞ്ചു വിക്കറ്റ്. മികച്ച പ്രകടനം 33 റണ്‍സിന് ആറു വിക്കറ്റ്.
















