ചെങ്ങന്നൂരില്‍ മരിച്ചയാളുടെ ജഡം മറവു ചെയ്യാനിടമില്ലാഞ്ഞിട്ട് പാതയോരത്ത് മറവു ചെയ്തതായി വാര്‍ത്ത കണ്ടു. ഇതിനുമുന്‍പും കുടുംബാംഗത്തിന്റെ ജഡം മറവു ചെയ്യാന്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ വീടിനുള്ളില്‍ കുഴിയെടുത്തു സംസ്‌കാരം നടത്തിയതായി വാര്‍ത്ത ഉണ്ടായിരുന്നു.
യഥാര്‍ത്ഥത്തില്‍ സമൂഹമനഃസാക്ഷി ഉണരേണ്ട സംഭവങ്ങളാണിത്. പഞ്ചായത്തീരാജ് നിയമവും നഗരപാലിക നിയമവും വഴി അധികാരവും ഫണ്ടും താഴോട്ടൊഴുകാന്‍ തുടങ്ങിയിട്ട് ഒന്നരപതിറ്റാണ്ടു കഴിഞ്ഞു. സ്വന്തം അധികാരപരിധിയില്‍ മരിച്ചവരുടെ ജഡം മറവു ചെയ്യാന്‍ സംവിധാനമൊരുക്കാത്ത തദ്ദേശ സ്വയംഭരണസ്ഥാപന മേധാവിക്കെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിത്യനിദാനത്തിനു വകയില്ലാത്ത പഞ്ചായത്ത്-മുനിസിപ്പാലിറ്റി അധികാരികള്‍ കാറും ജീപ്പുമൊക്കെ വാങ്ങി ഊരുചുറ്റലും നാടമുറിക്കലുമായി കറങ്ങി നടക്കുന്നു. പ്രജകള്‍ ശവമടക്കിനുപോലും ഇടമില്ലാതെ ദുരിതത്തിലും. ഇതു ചോദ്യം ചെയ്യാന്‍ പ്രതിപക്ഷംപോലും തയ്യാറാകാത്തതാണ് കഷ്ടം.
















