മുംബൈ: വിദേശത്തെങ്കിലും ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിക്ക് ബിസിസിഐയിലെ പല ഉന്നതരുമായി ബന്ധമെന്ന് വെളിപ്പെടുത്തല്‍. മുന്‍ അധ്യക്ഷന്‍ ശശാങ്ക് മനോഹറുമായി മോദി ഇമെയില്‍ വഴി ആശയവിനിമയം നടത്തിയതായി ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ കത്തിന്റെ ഉള്ളടക്കവും പത്രം പുറത്തുവിട്ടു. ഐപിഎല്‍ വാതുവെപ്പ് കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷനിലെ ആദിത്യ വര്‍മയുമായും മോദി ഇമെയില്‍ വഴി ബന്ധപ്പെട്ടിരുന്നുവെന്നും പുറത്തുവന്ന രേഖകളിലുണ്ട്.
2013 ജൂണ്‍ ഇരുപതിന് ശശാങ്ക് മനോഹറിനയച്ച മെയിലില്‍ രാജസ്ഥാന്‍ റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും ഒഴിവാക്കാന്‍ നടപടിയെടുത്ത്, ഈ ടീമുകളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണമെന്നു മോദി നിര്‍ദേശിക്കുന്നു. ഇവര്‍ക്കു പകരം പുതിയ ഫ്രാഞ്ചൈസികള്‍ക്കായി ലേലം നടത്തണമെന്നും ഇക്കാര്യം ശരദ് പവാറിനോട് ചര്‍ച്ച ചെയ്തുവെന്നും മോദി മെയില്‍ പറയുന്നു. പവാറിനെ സാഹിബ് എന്നാണ് ലളിത് മോദി അഭിസംബോധന ചെയ്യുന്നത്. ഐപിഎല്‍ വാതുവെപ്പ് കേസ് അന്വേഷിക്കാന്‍ ബിസിസിഐ രണ്ടംഗ സമിതിയെ നിയോഗിച്ച സമയത്താണ് മെയില്‍ അയച്ചത്.
ശശാങ്ക് മനോഹര്‍ അയച്ച മെയിലും പുറത്തുവന്നു. സുപ്രീംകോടതിയില്‍ ബോര്‍ഡിന്റെ അഭിഭാഷകര്‍ സ്വീകരിച്ച നിലപാട് ചോദ്യം ചെയ്ത് അന്നത്തെ ബിസിസിഐ ആക്ടിങ് പ്രസിഡന്റ് ശിവലാല്‍ യാദവിന് അയച്ച മെയില്‍ മനോഹര്‍ മോദിക്ക് ഫോര്‍വേഡ് ചെയ്യുകയായിരുന്നു. ഇത് മോദി തന്റെ അഭിഭാഷകര്‍ക്കും പവര്‍ ഓഫ് അറ്റോര്‍ണിക്കും നല്‍കി.
അതേസമയം, ആരോപണങ്ങള്‍ ശശാങ്ക് മനോഹര്‍ നിഷേധിച്ചു. മോദിയുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും അദ്ദേഹമിപ്പോള്‍ എവിടെയെന്ന് അറിയില്ലെന്നും മനോഹര്‍.
















