ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ-വനിതാ സിംഗിള്‍സില്‍ ലോകത്തിലെ മുന്‍നിര താരങ്ങള്‍ മൂന്നാം റൗണ്ടിലെത്തി. പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ നൊവാക്ക് ദ്യോക്കോവിച്ച്, ഏഴാം സീഡ് ഡേവിഡ് ഫെറര്‍, എട്ടാം സീഡ് റാഫേല്‍ നദാല്‍, ഒമ്പതാം സീഡ് മാരിന്‍ സിലിക്ക് തുടങ്ങിയവര്‍ അടുത്ത റൗണ്ടിലെത്തി.
വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്ല്യംസ്, ബെലിന്‍ഡ ബെന്‍സിക്ക്, ഏകത്‌റീന മകരോവ, ആഗ്നിയേസ്‌ക റഡ്‌വാന്‍സ്‌ക തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി.
പുരുഷന്മാരുടെ സിംഗിള്‍സില്‍ ഒന്നാം സീഡായ നൊവാക് ദ്യോക്കോവിച്ച് ഓസ്ട്രിയയുടെ ആന്ദ്രെ ഹൈദര്‍ മോററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 6-4, 6-1, 6-2. നിലവിലെ ചാമ്പ്യനായ ക്രൊയേഷ്യയുടെ മാരിന്‍ സിലിക്ക് റഷ്യയുടെ എവ്‌ജെനി ഡോണ്‍സ്‌കോയെ 6-2, 6-3, 7-5 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.
മറ്റ് മത്സരങ്ങളില്‍ ഏഴാം സീഡായ ഡേവിഡ് ഫെറര്‍ സെര്‍ബിയയുടെ ഫിലിപ്പ് ക്രാജിനോവിച്ചിനെ 7-5, 7-5, 7-6 (7-4) എന്ന സ്‌കോറിനും പതിനെട്ടാം സീഡ് ഫെലിസിയാനോ ലോപ്പസ് അമേരിക്കയുടെ മാള്‍ഡി ഫിഷിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 2-6, 6-3, 1-6, 7-5, 6-3 എന്ന സ്‌കോറിനും ഫ്രാന്‍സിന്റെ പത്തൊന്‍പതാം സീഡ് ജോ ഫില്‍ഫ്രഡ് സോംഗ 6-3, 6-4, 6-3 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്‌പെയിനിന്റെ മാര്‍സല്‍ ഗ്രനോള്ളേഴ്‌സിനെയും പത്താം സീഡ് കാനഡയുടെ മിലോസ് റാവോനിക്ക് 6-2, 6-4, 6-7 (5-7), 7-6 (7-1) എന്ന സ്‌കോറിന് സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ദാസ്‌കോയെയും തോല്‍പ്പിച്ച് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.
26-ാം സീഡ് സ്പാനിഷ് താരം ടോമി റോബര്‍ഡോ, 32-ാം സീഡ് ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനി, ഫ്രാന്‍സിന്റെ 27-ാം സീഡ് ജെര്‍മി ചാര്‍ഡി, 14-ാം സീഡ് ബല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിന്‍, ഇറ്റലിയുടെ ആന്ദ്രെ സെപ്പി തുടങ്ങിയവരും അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. മൂന്നാം റൗണ്ടില്‍ നൊവാക് ദ്യോക്കോവിച്ചാണ് സെപ്പിയുടെ എതിരാളി. റാഫേല്‍ നദാല്‍ ഫാബിയോ ഫോഗ്‌നിനിയുമായും മൂന്നാം റൗണ്ടില്‍ ഏറ്റുമുട്ടും.
വനിതാ വിഭാഗം രണ്ടാം റൗണ്ടില്‍ അട്ടിമറികള്‍ ഒഴിഞ്ഞുനിന്ന ദിനത്തില്‍ നിലവിലെ ജേതാവ് അമേരിക്കയുടെ സെറീന വില്ല്യംസ് അനായാസ ജയത്തോടെ മൂന്നാം റൗണ്ടിലെത്തി. നെതര്‍ലന്‍ഡ്‌സിന്റെ കികി ബെര്‍ട്ടെന്‍സിനെ 7-6 (7-5), 6-3 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെടുത്തിയത്. ആദ്യ സെറ്റില്‍ ഡച്ച് താരം സെറീനക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി.
സഹോദരിയും 23-ാം സീഡുമായ വീനസ് വില്ല്യംസ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ നാട്ടുകാരിയായ ഐറിന ഫാല്‍കോണിയെ തോല്‍പിച്ച് മൂന്നാം റൗണ്ടിലെത്തി. സ്‌കോര്‍: 6-3, 6-7 (7-2), 6-2. 12-ാം സീഡും സ്വിസ് താരവുമായ ബെലിന്‍ഡ ബെന്‍സിക്ക് ജപ്പാന്റെ മിസാക്കി ഡോയിയെ 5-7, 7-6 (7-3), 6-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയപ്പോള്‍ പോളണ്ടിന്റെ പതിനഞ്ചാം സീഡായ അഗ്‌നിയേസ്‌ക്ക റാഡ്‌വാന്‍സ്‌ക മാഗ്ദ ലിനെറ്റെയെയും (6-3, 6-2) പതിമൂന്നാം സീഡ് എകതരീന മാകരോവ അമേരിക്കയുടെ ലൗറേന്‍ ഡേവിസിനെ 6-1, 6-2 എന്ന ക്രമത്തിലും പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. റോബര്‍ട്ട വിന്‍സി, യൂജിന്‍ ബുച്ചാര്‍ഡ്, ഡൊമിനിക്ക സിബുല്‍ക്കോവ തുടങ്ങിയ പ്രമുഖരും രണ്ടാം റൗണ്ടില്‍ വിജയം നേടി മുന്നേറിയിട്ടുണ്ട്.
















