ലണ്ടന്‍: യൂറോപ്യന്‍ ഫുട്‌ബോളിലെ ട്രാന്‍സ്ഫര്‍ വിപണി മൈതാനങ്ങളിലെ അങ്കത്തട്ടിനേക്കാള്‍ ആവേശകരം. ആദ്യപാദ കൈമാറ്റത്തില്‍ ഇല്ലാതിരുന്ന ആവേശമുണ്ട് രണ്ടാം ഘട്ടം അവസാനിക്കാന്‍ ഒരാഴ്ച ശേഷിക്കെ. ഇതിനു പ്രധാന കാരണം ആദ്യ ഘട്ടത്തില്‍ മൗനം പാലിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍പന്മാരുടെ സജീവത. ചാക്കു നിറയെ നോട്ടുമായി അവര്‍ രണ്ടും കല്‍പ്പിച്ച് കളത്തിലിറങ്ങിയപ്പോള്‍, സ്‌പെയിനിലെയും ഫ്രാന്‍സിലെയും ജര്‍മനിയിലെയും ഇറ്റലിയിലെയുമെല്ലാം വമ്പന്മാര്‍ കിടുങ്ങി. ഇപ്പോള്‍, അവരും വലയെറിയുന്നു. തങ്ങളില്‍നിന്ന് ആരെങ്കിലും പോയാല്‍ പകരക്കാരനെ കണ്ടെത്തണമല്ലോ.
നെയ്‌മര്‍, കരിം ബെന്‍സമ, എഡിന്‍സണ്‍ കവാനി, തോമസ് മുള്ളര്‍, ഗരത് ബെയ്ല്‍ തുടങ്ങിയ പ്രതാപശാലികളാണ് ഇംഗ്ലീഷ് ടീമുകളുടെ ലിസ്റ്റിലെ ആദ്യ പേരുകാര്‍. അതിനിടെ, പ്രീമിയര്‍ ലീഗിന്റെ തുടക്കത്തില്‍ കുറവ് ഗോള്‍ നേടിയ ടീമുകളുടെ പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സണല്‍, ലിവര്‍പൂള്‍ ടീമുകളുണ്ടെന്ന് കണക്കുകള്‍.
ആരും മനസ് തുറന്നില്ലെങ്കിലും, ഒരു കാര്യത്തില്‍ തീരുമാനമായി, ഇറ്റാലിയന്‍ താരം മരിയോ ബെലോടെല്ലി തന്റെ പഴയ തട്ടകം എസി മിലാനുമായി കരാറിലെത്തിയെന്നതില്‍. ലിവര്‍പൂളിലായിരുന്ന താരം ലോണ്‍ വ്യവസ്ഥയിലാണ് മിലാനിലേക്കു ചേക്കേറുന്നത്. കളിക്കളത്തിലെ തല്ലുകൊള്ളിയായ താരം, കഴിഞ്ഞ തവണയാണ് മിലാനില്‍നിന്ന് ലിവര്‍പൂളിലെത്തിയത്. റോമില്‍ വൈദ്യപരിശോധനയ്‌ക്കു വിധേയനായി ബെലോടെല്ലി.
നിലവിലെ താരങ്ങളുടെ മികവില്‍ മുന്നോട്ടുപാകാമെന്നു കരുതിയതാണ് വാന്‍ ഗാലിന്റെ യുണൈറ്റഡിനും, മൗറീഞ്ഞോയുടെ ചെല്‍സിക്കും, ആഴ്‌സണ്‍ വെങ്ങറുടെ ആഴ്‌സണലിനും, ബ്രെന്‍ഡന്‍ റോഡ്‌ജേഴ്‌സിന്റെ ലിവര്‍പൂളിനും വിനയായത്. ടീമില്‍നിന്ന് ചിലര്‍ പോയപ്പോള്‍ അതൊന്നും കാര്യമാക്കിയില്ല ഇവര്‍. ഒടുവില്‍ യഥാര്‍ഥ കളി തുടങ്ങിയപ്പോള്‍ കളി കാര്യമായി. അങ്ങനെ ബാഴ്‌സലോണയില്‍നിന്ന് പെഡ്രോയെ മൗറീഞ്ഞോ നീല ജഴ്‌സി അണിയിച്ചു. ആദ്യ കളിയില്‍ തോറ്റ ചെല്‍സി രണ്ടാമത്തേതില്‍ പെഡ്രോയുടെ മികവില്‍ ജയിച്ചു കയറി. പക്ഷേ, ഇപ്പോള്‍ മറ്റൊരു പ്രതിസന്ധി ടീമിനെ തുറിച്ചു നോക്കുന്നു. സ്പാനിഷ് മധ്യനിര താരം യുവാന്‍ ക്വര്‍ഡാഡോ ഇറ്റാലിയന്‍ ചാമ്പ്യന്മാര്‍ യുവന്റസിലേക്കു പോകുന്നു. യുവന്റസുമായി താരത്തിന്റെ കരാര്‍ ഏറെക്കുറെ അവസാന ഘട്ടത്തിലെന്നു റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ചുരങ്ങിയ സമയം കൊണ്ട് വീണ്ടും കരുക്കള്‍ നീക്കേണ്ടിവരും മൗറീഞ്ഞോയ്‌ക്ക്.
ലൂയി വാന്‍ ഗാലാണ് ശരിക്കും പൊല്ലാപ്പ് പിടിച്ചത്. റോബിന്‍ വാന്‍ പെഴ്‌സിയും റഡാമല്‍ ഫല്‍ക്കാവോയും പോയപ്പോള്‍ വെയ്ന്‍ റൂണിയെയും മെംഫിസ് ഡീഫേയെയും വച്ച് മുന്നേറാമെന്ന് വാന്‍ ഗാല്‍ കരുതി. എന്നാല്‍, പ്രീ സീസണ്‍ മത്സരങ്ങളും ലീഗിലെ ആദ്യ രണ്ടു കളികളും കഴിഞ്ഞപ്പോള്‍ കാര്യം മനസിലായി. മികച്ചൊരു ഗോളടിക്കാരനില്ലെങ്കില്‍ ചാമ്പ്യന്‍സ് ലീഗില്‍ പോയിട്ട്, പ്രീമിയര്‍ ലീഗില്‍ പോലും പച്ചതൊടില്ലെന്ന്. ഡീഫേ മാത്രമാണ് പ്രതീക്ഷ കാത്തത്. റൂണി പ്രതാപത്തിന്റെ നിഴല്‍. ആദ്യം റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് നോട്ടമിട്ടത്. എന്നാല്‍, താരം ഒഴിഞ്ഞുമാറി. പിന്നെ സൂപ്പര്‍ താരങ്ങള്‍ റയലിന്റെ ഗരത് ബെയ്ല്‍, ബാഴ്‌സലോണയുടെ നെയ്‌മര്‍, ബയേണ്‍ മ്യൂണിക്കിന്റെ തോമസ് മുള്ളര്‍ എന്നിവര്‍ക്കു പിന്നാലെയായി.
റയലിലും ബാഴ്‌സയിലും ബെയ്‌ലും, നെയ്‌മറും ക്രിസ്റ്റ്യാനോയ്‌ക്കും മെസിക്കും പിന്നിലാകുന്നതു മുതലെടുക്കാനാണ് വാന്‍ ഗാല്‍ ശ്രമിച്ചത്. പരിശീലകനു പിന്തുണയുമായി ക്ലബ് ഉടമകളും മോഹവിലയുമായി ഒപ്പമുണ്ട്. എന്നാല്‍, ബെയ്‌ലും നെയ്‌മറും മനസ് തുറന്നിട്ടില്ല. നെയ്‌മറുമായി ദീര്‍ഘകാല കരാറിന് താത്പര്യമുണ്ടെന്ന് ബാഴ്‌സലോണ വ്യക്തമാക്കിയിട്ടുമുണ്ട്. ആദ്യം താത്പര്യം പ്രകടിപ്പിച്ച ബെയ്‌ലും പിന്നോട്ടെന്നന്നു സൂചന. മുള്ളറും അനുകൂലമായല്ല പ്രതികരിച്ചത്. മുള്ളര്‍ ടീമിന്റെ അവിഭാജ്യ ഘടകമെന്ന് നായകന്‍ ഫിലിപ്പ് ലാം പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, വന്‍ തുക നിലവിലെ ക്ലബ്ബുകള്‍ക്കു മുന്‍പില്‍ വയ്‌ക്കുമ്പോല്‍ കാര്യങ്ങള്‍ മാറി മറിയാനും സാധ്യത. അതേസമയം, മുന്‍നിര സ്‌ട്രൈക്കര്‍മാരെ ലഭിച്ചില്ലെങ്കില്‍ യുവതാരം അദ്‌നാന്‍ ജാനുസാജിന്റെ ലോണ്‍ വ്യവസ്ഥയില്‍ നല്‍കില്ലെന്നും യുണൈറ്റഡ് വ്യക്തമാക്കിയിട്ടുണ്ട്. കെവിന്‍ ഡി ബ്ര്യൂണിനെയും യുണൈറ്റഡ് നോട്ടമിട്ടിട്ടുണ്ട്. എന്നാല്‍, ബയേണും സിറ്റിയും താരത്തിനൊപ്പമുണ്ട്.
റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കരിം ബെന്‍സമയുടെ പിന്നാലെയാണ് ആഴ്‌സണല്‍. എന്നാല്‍, ഇന്നലെ താരം മനസ് തുറന്നു. റയല്‍ തന്റെ കുടുംബമെന്നും പ്രഖ്യാപിച്ചു. ഇതോടെ, ഫ്രഞ്ച് ടീം പാരീസ് സെന്റ് ജര്‍മന്റെ ഉറുഗ്വെ സ്‌ട്രൈക്കര്‍ എഡിന്‍സണ്‍ കവാനിയുടെ തേടിയായി ആഴ്‌സണലിന്റെ നടത്തം. അര്‍ജന്റൈന്‍ ഏയ്ഞ്ചല്‍ ഡി മരിയ എത്തിയതോടെയാണ് കവാനിയുടെ പിന്നാലെ കൂടാന്‍ ആഴ്‌സണലിനെ പ്രേരിപ്പിച്ചത്. എന്നാല്‍ താരം മനസു തുറന്നിട്ടില്ല. അതേസമയം, റയല്‍ മാഡ്രിഡില്‍നിന്ന് ഐസര്‍ ഇല്ലാരമന്‍ഡിക്കായി പ്രീമിയര്‍ ലീഗ് ടീം സതാംപ്ടണ്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ണ്ട്. പാരീസ് സെന്റ് ജര്‍മന്റെ യൊഹാന്‍ കബായെ ക്രിസ്റ്റല്‍ പാലസിലെത്തി.
















