ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാര്‍ ആഴ്‌സണലും ലിവര്‍പൂളും ഗോള്‍രഹിത സമനിലയില്‍. പേരുകേട്ട താരനിരയുണ്ടായിട്ടും നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഇരുവര്‍ക്കും എതിരാളികളുടെ വല ചലിപ്പിക്കാനായില്ല.
ആഴ്‌സണലിന്റെ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നേരിയ മുന്‍തൂക്കം ലിവര്‍പൂളിന്. ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കിന്റെ മിന്നും സേവുകള്‍ പീരങ്കിപ്പടയെ തോല്‍വിയില്‍നിന്നു രക്ഷിച്ചു. ആദ്യ പകുതിയില്‍ ക്രിസ്റ്റ്യന്‍ ബെന്‍ടെക്കിന്റെയും ഫിലിപ്പ് കുട്ടീന്യോയുടെയും ഗോളെന്നുറച്ച അവസരങ്ങള്‍ ചെക്ക് നിഷ്പ്രഭമാക്കി. ലീഗിലെ ആദ്യ കളിയില്‍ വെസ്റ്റ്ഹാമിനോട് തോല്‍വി വഴങ്ങിയതിന്റെ പാപഭാരം ലിവര്‍പൂളിനെതിരേ കഴുകിക്കളഞ്ഞു ചെക്ക്.
ഒമ്പതാം മിനിറ്റില്‍ മധ്യനിരക്കാരന്‍ ആരോണ്‍ റംസേ ലിവര്‍പൂള്‍ വലയില്‍ പന്തെത്തിച്ചു. എന്നാല്‍, ലൈന്‍ റഫറി ഓഫ്‌സൈഡ് വിധിച്ചത് പീരങ്കപ്പടയുടെ ആഘോഷം അവസാനിപ്പിച്ചു. തുടര്‍ന്ന് കളി കൈയിലെടുത്തത് ലിവര്‍പൂള്‍. അതോടെ പീറ്റര്‍ ചെക്കിന് ഒന്നിലധികം തവണ രക്ഷകന്റെ വേഷം അണിയേണ്ടി വന്നു. ഇടയ്‌ക്കിടെയുള്ള ആഴ്‌സണലിന്റെ മുന്നേറ്റം ലിവര്‍പൂള്‍ നിരയിലും ഭീതി പരത്തി. ഒലിവര്‍ ഗിറൗഡിന്റെ ഗോളെന്നുറച്ച ഷോട്ട് സൈമണ്‍ മിഗ്‌നൊലെറ്റ് തട്ടിത്തെറിപ്പിച്ചില്ലെങ്കില്‍ വിധി മറ്റൊന്നായേനെ.
















