കൊളംബോ: കുമാര്‍ സംഗക്കാരയോട് നീതി പുലര്‍ത്താന്‍ ശ്രീലങ്കയ്‌ക്കായില്ല. ആര്‍. അശ്വിനും അമിത് മിശ്രയും ഉയര്‍ത്തിയ സമ്മര്‍ദം അതിജീവിക്കാനാകാതെ കാതങ്ങള്‍ അകലെ ലങ്ക ഇടറി വീണു. അതും ഒന്നു പൊരുതുക പോലും ചെയ്യാതെ. ജയിക്കാന്‍ വേണ്ട 413 റണ്‍സിലേക്ക് ബാറ്റേന്തിയ ലങ്ക 278 റണ്‍സ് അകലെ 134ന് കൂടാരം കയറി.
അവസാന ബാറ്റ്‌സ്മാനും മടങ്ങുമ്പോള്‍ മനസിലെങ്കിലും ലങ്കന്‍ താരങ്ങള്‍ സംഗക്കാരയോട് ക്ഷമ ചോദിച്ചിരിക്കണം, ഒരുപക്ഷെ, ഇന്ത്യന്‍ താരങ്ങളും. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിയുമായി ഇന്നിങ്‌സിന് നെടുംതൂണായ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ കളിയിലെ താരം. ആദ്യ കളിയില്‍ അപ്രതീക്ഷിത തോല്‍വി ചോദിച്ചു വാങ്ങിയ ഇന്ത്യ ജയത്തോടെ പരമ്പരയില്‍ ഒപ്പമെത്തി (1-1). മൂന്നാം ടെസ്റ്റ് 28 മുതല്‍ കൊളംബോയില്‍.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 എന്ന നിലയില്‍ ഇന്നലെ കളി തുടങ്ങിയ ലങ്കയ്‌ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്‍പില്‍ ഒന്നും ചെയ്യാനായില്ല. ആദ്യ ഇന്നിങ്‌സില്‍ ശതകവുമായി ടീമിനെ താങ്ങിനിര്‍ത്തിയ നായകന്‍ ഏയ്ഞ്ചലോ മാത്യൂസ് തുടക്കത്തിലെ മടങ്ങിയതോടെ കാര്യം വ്യക്തം. ഉമേഷ് യാദവിന്റെ വേഗമേറിയ പന്തില്‍ ബാറ്റ് വച്ച മാത്യൂസിന് പിഴച്ചു. ഒന്നാം സ്ലിപ്പിലേക്കു പാഞ്ഞ പന്ത് താത്കാലിക വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ കൈകളില്‍ ഭദ്രം. പിന്നെ ബാറ്റ്‌സ്മാന്മാരുടെ ഘോഷയാത്ര. അതിനിടയിലും ചെറുത്തുനിന്നത് ഓപ്പണര്‍ ദിമുത് കരുണരത്‌നെ. 46 റണ്‍സെടുത്ത കരുണരത്‌നെ ടോപ് സ്‌കോറര്‍. എട്ടാമനായി കരുണരത്‌നെ പുറത്തായതോടെ മാന്യമായ തോല്‍വിയെന്ന പ്രതീക്ഷയും പൊലിഞ്ഞു. 42 റണ്‍സ് വഴങ്ങി അശ്വിന്‍ അഞ്ചു വിക്കറ്റെടുത്തപ്പോള്‍, 29 റണ്‍സിന് അമിത് മിശ്ര മൂന്ന് ഇരകളെ സ്വന്തമാക്കി.
സ്‌കോര്‍ബോര്‍ഡ്
ഇന്ത്യ – 393, 325/8 ഡിക്ല.
ശ്രീലങ്ക ഒന്നാമിന്നിങ്‌സ് 306
രണ്ടാമിന്നിങ്‌സ്
കൗശല്‍ സില്‍വ സി ബിന്നി ബി അശ്വിന്‍ 1, ദിമിത് കരുണരത്‌നെ ബി അശ്വിന്‍ 46, കുമാര്‍ സംഗക്കാര സി വിജയ് ബി അശ്വിന്‍ 18, ഏയ്ഞ്ചലോ മാത്യൂസ് സി രാഹുല്‍ ബി ഉമേഷ് 23, ദിനേശ് ചണ്ഡിമല്‍ ബി മിശ്ര 15, ലാഹിരു തിരിമന്നെ സി സബ് (പൂജാര) ബി അശ്വിന്‍ 11, ജെഹാന്‍ മുബാറക് സി വിരാട് ബി ഇഷാന്ത് 0, ധമ്മിക പ്രസാദ് സി മിശ്ര ബി അശ്വിന്‍ 0, രംഗന ഹെറാത്ത് നോട്ടൗട്ട് 4, താരിന്ദു കൗശല്‍ എല്‍ബിഡബ്ല്യു ബി മിശ്ര 5, ദുഷ്മന്ത ചമീര എല്‍ബിഡബ്ല്യു ബി മിശ്ര 4, എക്‌സ്ട്രാസ് 7, ആകെ 43.4 ഓവറില്‍ 134.
വിക്കറ്റ് വീഴ്ച: 1-8, 2-33, 3-72, 4-91, 5-106, 6-111, 7-114, 8-123, 9-128, 10-134.
ബൗളിങ്: ആര്‍. അശ്വിന്‍ 16-6-42-5, ഉമേഷ് യാദവ് 7-1-18-1, ഇഷാന്ത് ശര്‍മ 11-2-41-1, അമിത് മിശ്ര 9.4-3-29-3.
















