കൊച്ചി: മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന ഇന്റര്‍ ക്ലബ് അത്‌ലറ്റിക്‌സ് മീറ്റില്‍ തിരുവനന്തപുരം സായി കിരീടം നിലനിര്‍ത്തി. 23 സ്വര്‍ണം, 17 വെള്ളി, 11 വെങ്കലവുമടക്കം 352 പോയിന്റുകള്‍ സായിക്ക്. 200 പോയിന്റ് നേടി പാലക്കാട് പറളി എച്ച്എസ്എസ് രണ്ടാം സ്ഥാനത്ത്. 11 സ്വര്‍ണം, ഏഴു വെള്ളി, ഒമ്പത് വെങ്കലം പറളിയുടെ അക്കൗണ്ടില്‍. 148.5 പോയിന്റുമായി കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂള്‍ മൂന്നാമത്. കോതമംഗലം മാര്‍ബേസില്‍ (127), പാല അസംപ്ഷന്‍ കോളജ് (104) എന്നിവര്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍.
മീറ്റിന്റെ അവസാനം ദിനം 11 റെക്കോഡുകള്‍ കൂടി പഴങ്കഥയായി. ആകെ 38 പുതിയ റെക്കോഡുകളാണ് മീറ്റില്‍ പിറന്നത്. അണ്ടര്‍-20 ജൂനിയര്‍ പുരുഷന്‍ന്മാരുടെ 200 മീറ്ററില്‍ എറണാകുളം മേഴ്‌സികുട്ടന്‍ അക്കാദമിയുടെ എം. ജോസഫ് ജോയ് 21.20 സെക്കന്‍ഡില്‍ ഓടിയെത്തി റെക്കോഡോടെ സ്വര്‍ണം നേടി സ്പ്രിന്റ് ഡബിളും ഡബിള്‍ റെക്കോഡും കൈയിലാക്കി. ആദ്യ ദിനം 100 മീറ്ററിലും ജോസഫ് റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു.
അണ്ടര്‍-14 ആണ്‍കുട്ടികളുടെ 600 മീറ്ററില്‍ കൊല്ലം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിന്റെ ജസ്റ്റിന്‍ ഷിബു (1:30.80), അണ്ടര്‍-18 ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ പി.എസ്. സനീഷ് (22:50), 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കല്ലടി കുമരംപുത്തൂര്‍ എച്ച്എസ്എസിന്റെ കെ. മുഹമ്മദ് അനസ് (53:90), അണ്ടര്‍-14 പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ പാലക്കാട് ചെര്‍പ്പുളശേരി ജിവിഎച്ച്എസ്എസിന്റെ സി. ചിത്ര (1:41.30), അണ്ടര്‍-18 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കൊല്ലം സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ പി.ഒ. സയന (1:3.90), ഹാമര്‍ ത്രോയില്‍ മാതിരപ്പിള്ളി സ്‌കൂളിന്റെ ദീപ ജോഷി (45.95 മീറ്റര്‍), ഹെപ്റ്റാത്‌ലണില്‍ തിരുവനന്തപുരം സായിയുടെ എല്‍. അനില (4,184 പോയിന്റ്), അണ്ടര്‍-20 വനിതകളുടെ 200 മീറ്ററില്‍ തിരുവനന്തപുരം സായിയുടെ എ.പി. ഷില്‍ബി (25.00) എന്നിവരാണ് ഇന്നലെ മീറ്റ് റെക്കോഡ് നേടിയ താരങ്ങള്‍.
അണ്ടര്‍-16 പെണ്‍കുട്ടികളുടെയും അണ്ടര്‍-18 ആണ്‍കുട്ടികളുടെയും മെഡ്‌ലേ റിലേയില്‍ തിരുവനന്തപുരം സായി ടീം പുതിയ റെക്കോഡിട്ടു.
വിവിധ വിഭാഗങ്ങളിലെ ചാമ്പ്യന്‍മാര്‍: അണ്ടര്‍-14 പെണ്‍: സെന്റ് ജോര്‍ജ്ജ് കോതമംഗലം (18 പോയിന്റ്), ആണ്‍: ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തിരുവനന്തപുരം (17); അണ്ടര്‍-16 പെണ്‍: സായി, തിരുവനന്തപുരം (56), ആണ്‍: സായി, തിരുവനന്തപുരം (54); അണ്ടര്‍-18 പെണ്‍: സായി, തിരുവനന്തപുരം (66), ആണ്‍: സായി, തിരുവനന്തപുരം (53); അണ്ടര്‍-20 ജൂനിയര്‍ വുമണ്‍: അസംപ്ഷന്‍ കോളേജ് ചങ്ങനാശേരി (88), ജൂനിയര്‍ മെന്‍: സായി, തിരുവനന്തപുരം (62). വിജയികള്‍ക്ക് ഒളിമ്പ്യന്‍ മേഴ്‌സികുട്ടന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
















