സിന്‍സിനാറ്റി: ടെന്നീസ് ലോകത്തെ അതുല്യ പ്രതിഭകളുടെ നേരങ്കത്തിന് സിന്‍സിനാറ്റി ഒരിക്കല്‍ കൂടി വേദിയാകും. സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ടെന്നീസ് പുരുഷ വിഭാഗത്തില്‍ ക്ലാസിക് ഫൈനലിന് അരങ്ങൊരുങ്ങി. ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ച് ആദ്യ കിരീടത്തിനായി ആറുവട്ടം ചാമ്പ്യനായ റോജര്‍ ഫെഡററെ നേരിടും. വനിതകളില്‍ ഒന്നാം നമ്പര്‍ സെറീന വില്യംസിന് എതിരാളി സിമോണ ഹാലെപ്പ്. അതേസമയം, വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം സെമിയില്‍ പുറത്ത്.
ഉക്രൈന്‍ താരം അലക്‌സാണ്ടര്‍ ദൊള്‍ഗൊപൊലോസിനെ കടുത്ത പോരാട്ടത്തില്‍ ദ്യോകോവിച്ച് മറികടന്നു, സ്‌കോര്‍: 4-6, 7-6, 6-2. ബ്രിട്ടന്റെ ആന്‍ഡി മുറെയെയാണ് ഫെഡറര്‍ മടക്കിയത്, സ്‌കോര്‍: 6-4, 7-6. ജേതാവായാല്‍ ദ്യോകോയ്‌ക്ക് കരിയറിലെ 20ാം മാസ്റ്റേഴ്‌സ് കിരീടം, 1000ാം ടൂര്‍ണമെന്റ് വിജയം. സമീപകാലത്ത് ഫെഡറര്‍ക്കെതിരേ മുന്‍തൂക്കം ദ്യോകോയ്‌ക്ക്.
എലിന സ്വിറ്റോലിനയെ തുടര്‍ച്ചയായ സെറ്റില്‍ മടക്കി സെറീന രണ്ടാം വര്‍ഷവും സിന്‍സിനാറ്റിയില്‍ കലാശക്കളിക്ക് യോഗ്യത നേടി, സ്‌കോര്‍: 6-4, 6-3. മുന്‍ ചാമ്പ്യന്‍ യേലന യാങ്കോവിച്ചിനെ തകര്‍ത്തെത്തുന്ന റോമാനിയയുടെ സിമോണ ഹാലെപ്പ് ഫൈനല്‍ എതിരാളി. 6-1, 6-2ന് സിമോണയുടെ ജയം.
ഡബിള്‍സില്‍ ചൈനീസ് തായ്‌പേയിയുടെ ഹാവോ ചിങ് ചാന്‍-യങ് ജാന്‍ ചാന്‍ സഖ്യമാണ് ടോപ് സീഡുകളായ സാനിയ-ഹിംഗിസ് കൂട്ടുകെട്ടിന്റെ വഴിമുടക്കിയത്, സ്‌കോര്‍: 6-4, 6-0, 10-6.
















