ന്യൂയോര്‍ക്ക്: അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഐഎസിലെ രണ്ടാമന്‍ തങ്ങളുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അമേരിക്ക. ഐഎസ് രണ്ടാം കമാന്‍ഡര്‍ ഫാദില്‍ അഹ്മദ് അല്‍ ഹയാലി എന്ന ഹാജി മുത്താസ് ആഗസ്റ്റ് 18ന് വടക്കന്‍ ഇറാഖിലെ മൊസൂളില്‍ വച്ച് അമേരിക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് വൈറ്റ് ഹൗസിന്റെ വെളിപ്പെടുത്തല്‍.
ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ഐഎസിന്റെ പിആര്‍ഒ അബു അബ്ദുള്ളയും കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് വക്താവ് നെഡ് പ്രൈസ് അറിയിച്ചു. ഇറാഖിനും സിറിയക്കുമിടയ്‌ക്ക് ആള്‍ക്കാരെയും ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വാഹനങ്ങളും തന്ത്രപൂര്‍വ്വം കടത്തുന്ന ചുമതലയും ഇയാള്‍ക്കായിരുന്നു.
ഐഎസ് മേധാവി അബു ബക്കര്‍ അല്‍ ബാഗ്ദാദിയുടെ വലംകൈയും ഭീകരസംഘടനയിലെ രണ്ടാമനുമായിരുന്നു ഹാജി മുത്താസ്. ഇറാഖിലെ ഐഎസ് പ്രവര്‍ത്തനത്തിന്റെ മുഴുവന്‍ ചുമതലയും ഇയാള്‍ക്കായിരുന്നു. 2014ലെ മൊസൂള്‍ ആക്രമണത്തിന്റെ സൂത്രധാരനും ഇയാളായിരുന്നു.
ഇയാളുടെ മരണം ഐഎസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഐഎസ് എന്ന ഭീകരസംഘടനയെ ഉന്മൂലനം ചെയ്യുകയാണ് അമേരിക്കയുടെ ലക്ഷ്യം. നെഡ് പ്രൈസ് പറഞ്ഞു. ഇയാളെ കൊല്ലാനായത് അമേരിക്കയുടേയും സഖ്യക്ഷികളുേടയും വലിയ വിജയമായിട്ടാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
















