കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി റിനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി) അധികാരത്തിലേക്ക്. ഇതുവരെ ആര്‍ക്കും കേവല ഭൂരിപക്ഷമായിട്ടില്ല. തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കുന്നതായി യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലൈന്‍സ് (യുപിഎഫ്എ) നേതാവ് മഹീന്ദ രാജപക്‌സെ പറഞ്ഞു.
225 അംഗ പാര്‍ലമെന്റിലെ 195 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ശേഷിക്കുന്ന 30 സീറ്റുകളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടികള്‍ നാമനിര്‍ദ്ദേശം ചെയ്യും. 70 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
113 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാജപക്‌സെ പരാജയപ്പെടുകയും അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന മൈത്രിപാല സിരിസേന പ്രതിപക്ഷമായ യുഎന്‍പിയുടെ സഹായത്തോടെ പ്രസിഡന്റാകുകയും ചെയ്തിരുന്നു.
















