കരുനാഗപ്പള്ളി: അമൃത യുവധര്‍മ്മധാരയുടെ (അയുദ്ധ്) നേതൃത്വത്തില്‍ സ്വാതന്ത്രദിന ആഘോഷങ്ങളുടെ ഭാഗമായി അമൃത വിശ്വ വിദ്യാപീഠം യൂണിവേഴ്‌സിറ്റിയില്‍ ഭാരത് മാതാപൂജ ആഘോഷിച്ചു. ഇന്ത്യയെ ഭാരതാംബയായി മാതൃരൂപത്തില്‍ ആരാധിക്കുന്ന രീതിയാണ് ഭാരത് മാതാപൂജ.
സമാധാനത്തിന്റെയും ശാന്തിയുടെയും ദേശഭക്തിയുടെയും സന്ദേശം യുവാക്കളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഗീതവും നാടക നൃത്തവും കോര്‍ത്തിണക്കി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ നടത്തിയ കലാപരിപാടികള്‍, കാണികളില്‍ ദേശസ്‌നേഹത്തിന്റെ ആവേശം നിറച്ചു.
ഭാരതത്തിന്റെ ധീരയോദ്ധാക്കളുടെയും സമരസേനാനികളുടെയും ത്യാഗത്തെ അനുസ്മരിച്ചും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടികാട്ടിയുമാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പരിപാടിയോടനുബന്ധിച്ച് റിസര്‍വ് ബാങ്ക് മാനേജര്‍ അരവിന്ദ്‌മോഹന്‍ നടത്തിയ പ്രശ്‌നോത്തരിയില്‍ ഇന്ത്യയുടെ ഉജ്ജ്വല ചരിത്രവും തിളങ്ങുന്ന വര്‍ത്തമാനവും വിശകലനം ചെയ്തു.
ഭാരതമാതാവിനെ നൂറിലധികം വിളക്കുകള്‍ തെളിയിച്ച് പൂജ ചെയ്തും പുഷ്പാര്‍ച്ചന നടത്തിയും രംഗോലിയിട്ടും വിവിധ രംഗകലകളിലൂടെയും അരങ്ങേറിയ പരിപാടിയില്‍ അന്തരിച്ച മുന്‍രാഷ്‌ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാമിനെ അനുസ്മരിച്ച് പ്രത്യേക വീഡിയോ പ്രദര്‍ശനവും നടന്നു. മുഖചിത്ര സെല്‍ഫി മത്സരങ്ങളും അയുദ്ധ് സേവാവിഭാഗമായ സഞ്ജീവനിയുടെ പരിസ്ഥിതി ശുചീകരണവും നടത്തി.
















