കൊല്ലം: ഓണം പ്രമാണിച്ച് വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ അറിയിച്ചു. ജില്ലാ ഉപഭോക്തൃ സംരക്ഷണസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, അമിതവില ഈടാക്കുക, ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുക, അളവുതൂക്കത്തില്‍ വെട്ടിപ്പ് നടത്തുക തുടങ്ങിയ ക്രമക്കേടുകളാണ് പ്രധാനമായും പരിശോധിക്കുക.
ഓണത്തോടനുബന്ധിച്ച് പാചകവാതകത്തിന്റെ ലഭ്യത ഉറപ്പുവരുത്തും. പാചകവാതക വിതരണ ഏജന്‍സികള്‍ക്കെതിരെയുള്ള പരാതികള്‍ ഗൗരവത്തോടെ പരിഗണിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും. ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാര പരിശോധന ശക്തമാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നും കീടനാശിനികള്‍ തളിച്ച പച്ചക്കറികള്‍ കൂടുതലായി എത്താന്‍ സാധ്യതയുണ്ടെന്നും ഇതു പരിശോധിക്കാന്‍ ജില്ലയില്‍ പ്രത്യേക സംവിധാനം വേണമെും സമിതിയില്‍ ആവശ്യമുയര്‍ന്നു. ജില്ലാ സപ്ലൈ ഓഫീസര്‍ പി.ടി.സൂരജ്, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















