ന്യൂദല്‍ഹി: തങ്ങളുടെ രാജ്യത്ത് വിദേശ സൈനിക താവളമൊരുക്കാന്‍ അനുവദിക്കില്ലെന്ന് ഭാരതത്തിന് മാലെദ്വീപിന്റെ ഉറപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ മാലെദ്വീപ് പ്രധാമന്ത്രി അബ്ദുള്ള യെമീനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്നും മാലെദ്വീപ് ഭാരതത്തെ അറിയിച്ചിട്ടുണ്ട്.
മാലെദ്വീപില്‍ പദ്ധതികള്‍ ആരംഭിക്കുന്ന വിദേശികളെ അവിടത്തെ ഭൂമി സ്വന്തമാക്കാന്‍ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതിക്ക് മജ്‌ലിസ് (മാലെദ്വീപ് പാര്‍ലമെന്റ്) അംഗീകാരം നല്‍കിയിരുന്നു. സൈനികത്താവളം ഒരുക്കുന്നതടക്കം തന്ത്രപ്രധാന നിര്‍മ്മിതികള്‍ക്ക് ചൈനയ്‌ക്ക് അവസരം നല്‍കുന്നതാണ് ഈ നിയമ ഭേദഗതിയെന്നു ഭാരതം വിലയിരുത്തുന്നു.
ഈ സാഹചര്യത്തില്‍ ഭാരതത്തിന്റെ ആശങ്ക കഴിഞ്ഞയാഴ്ച മാലെദ്വീപില്‍ ചെന്ന വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഭാരതത്തിലെത്തിയ മാലെദ്വീപ് വിദേശ കാര്യ സെക്രട്ടറി അലി നസീര്‍ മുഹമ്മദ് ഭാരത പ്രധാനമന്ത്രിക്കുള്ള കത്ത് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കൈമാറുകയായിരുന്നു.
















