ന്യൂദല്‍ഹി: ആരോഗ്യപരിപാലനത്തിനുള്ള പരമ്പരാഗത രീതിയായ യോഗയുടെ വിവിധ അഭ്യാസമുറകളുടെ പേറ്റന്റ് സ്വന്തമാക്കാനുള്ള പാശ്ചാത്യരുടെ നീക്കം തടയാന്‍ ഭാരതം ശ്രമമാരംഭിച്ചു. ഇതിലേക്കായി 1500 യോഗാസനങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയ ഭാരതം അതില്‍ 250 എണ്ണത്തിന്റെ വീഡിയോകളും ചിത്രീകരിച്ചു.
പരമ്പരാഗത അറിവിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് യോഗയെ സംരക്ഷിക്കാന്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്‍ കീഴിലെ കൗണ്‍സില്‍ ഫോര്‍ സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സിഎസ്‌ഐആര്‍) ശാഖയായ ട്രഡീഷണല്‍ നോളെഡ്ജ് ഡിജിറ്റല്‍ ലൈബ്രറി (ടികെഡിഎല്‍) അക്ഷീണ യത്‌നം തുടങ്ങിയത്. യോഗാസനങ്ങളുടെ വീഡിയോ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിന് കുറഞ്ഞത് ആറുമാസമെങ്കിലുമെടുക്കും.
യോഗയുടെ വിശേഷാവകാശം കൈയടക്കാന്‍ ലോകത്തെ വിവിധ കമ്പനികളും വ്യക്തികളും പേറ്റന്റ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായി ഭാരതം കണ്ടെത്തിയിരുന്നു. പലരും യോഗ വിദ്യകളുടെ പകര്‍പ്പവകാശം നേടിയിട്ടുണ്ടെന്നും തെളിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് പ്രതിരോധ നടപടികളുമായി ഭാരതം മുന്നോട്ടുപോകുന്നത്.
പുരാതന ഗ്രന്ഥങ്ങളില്‍ നിന്ന് 1500 യോഗാസനങ്ങള്‍ വിദഗ്ധര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയുടെ ദൃശ്യവത്കരണം പൂര്‍ത്തിയാകുന്നതോടെ യോഗയെ തട്ടിയെടുക്കാനുള്ള പാശ്ചാത്യ ശ്രമം പൊളിയും, ടികെഡിഎല്‍ കോ- ഓഡിനേറ്റര്‍ അര്‍ച്ചന ശര്‍മ്മ പറഞ്ഞു.
















