ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര രാജസ്ഥാനിലെയും ഹരിയാനയിലെയും ബിസിനസ്സുകളില്‍ നിന്ന് പിന്‍വാങ്ങുന്നു. ആരംഭിച്ച ആറു കമ്പനികളില്‍ നാലെണ്ണം വാദ്ര പൂട്ടി. അടുത്തുതന്നെ ബാക്കി രണ്ടെണ്ണം കൂടി പൂട്ടുമെന്ന് റോബര്‍ട്ട് വാദ്രയുമായി അടുത്ത ബന്ധമുള്ളവര്‍ വ്യക്തമാക്കി. രാജസ്ഥാനിലും ഹരിയാനയിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്താണ് വാദ്ര അവിടെ ബിസിനസ്സ് ആരംഭിച്ചത്. ഇപ്പോള്‍ ബിജെപി ഭരണം തിരിച്ചു പിടിച്ചതോടെയാണ് വാദ്ര ഇവിടങ്ങളിലെ ബിസിനസ്സ് അവസാനിപ്പിക്കുന്നതെന്നും പറയപ്പെടുന്നു.
ഈ വര്‍ഷം എന്‍ഡിഎ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റ ഉടന്‍ തന്നെ വാദ്ര തന്റെ ബിസിനസ്സ് സംരംഭങ്ങള്‍ പലതും അവസാനിപ്പിക്കാന്‍ തുടങ്ങി. കൃഷി പരിപോഷിപ്പിക്കുന്നതിനും കാര്‍ഷിക സാങ്കേതികവിദ്യയ്‌ക്കുമായി ആരംഭിച്ച കമ്പനികളാണ് നഷ്ടത്തിന്റെ പേരു പറഞ്ഞ് വാദ്ര പൂട്ടിയത്. ഈ കമ്പനികളൊന്നും തന്നെ വാര്‍ഷിക റിപ്പോര്‍ട്ടോ ബാലന്‍സ് ഷീറ്റോ പരിശോധന നടക്കുന്നതുവരെ സമര്‍പ്പിച്ചിരുന്നില്ല. ഈ ആറു കമ്പനികളുടെയും മാനേജിംഗ് ഡയറക്ടര്‍ സ്ഥാനമാണ് വാദ്ര വഹിച്ചിരുന്നത്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കര്‍ശനമായ നിരീക്ഷണം ഉണ്ടായതോടെ കമ്പനികള്‍ പൂട്ടുക മാത്രമല്ല ഇരുസംസ്ഥാനങ്ങളിലുമായി കൈവശം ഉണ്ടായിരുന്ന ഏക്കറുകണക്കിന് ഭൂമിയും വാദ്ര വില്‍ക്കാന്‍ ആരംഭിച്ചിട്ടുണ്ട്. എന്തായാലും വാദ്രയുടെ ഇടപാടുകള്‍ നിരീക്ഷണത്തില്‍ വയ്‌ക്കാനും ലഭിച്ച പണത്തിന്റെ ഉറവിടം അന്വേഷിക്കാനും സര്‍ക്കാരുകള്‍ ആരംഭിച്ചിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റില്‍ മുതല്‍ മുടക്കിയതോടെ വാദ്രയുടെ കമ്പനികള്‍ അഞ്ചുവര്‍ഷം കൊണ്ട് കേവലം 50 ലക്ഷം എന്ന ആസ്തിയില്‍ നിന്ന് 500 കോടിയിലെത്തി എന്നതാണ് ചരിത്രം.
















