ചണ്ഡിഗഡ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ വിവാദ ഭൂമി ഇടപാട് കേസ് പുനരന്വേഷിക്കുവാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഹരിയാന മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അശോക് ഖേംകയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഗുഡ്ഗാവിലെ ഡിഎല്‍എഫ് കമ്പനി 350.17 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയ സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 2012ലാണ് പ്രമുഖ വ്യവസായഗ്രൂപ്പായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും റോബര്‍ട്ട് വാദ്രയുടെ ഡിഎല്‍എഫും തമ്മില്‍ വിവാദഭൂമിയിടപാട് നടന്നത്. വാദ്ര തുച്ഛമായ തുകയ്‌ക്ക് വാങ്ങിയ ഭൂമി വന്‍വിലയ്‌ക്ക് സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയ്‌ക്ക് വില്‍ക്കുകയായിരുന്നു.
ഇടപാടില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയ അന്നത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അശോക് ഖേംക ഭൂമിയിടപാട് റദ്ദാക്കി. തുടര്‍ന്ന് ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അശോക് ഖേംകയെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് പഞ്ചാബ് ഹരിയാന ഹൈക്കോര്‍ട്ട് ഇടപാട് അസാധുവാക്കിയതാണ്. ഇതിനെതിരെ മുന്‍ ഹരിയാന വ്യവസായിക വികസന കോര്‍പ്പറേഷന്‍ അപ്പീല്‍ നല്‍കിയതിനെതിരെയും ഖേംക അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.
കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ ഡി.എല്‍.എഫിന് വാഴ്പയും നല്‍കിയിരുന്നു. രാഷ്ടീയ ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടലുകളാണ് ഇടപാടിന് പിന്നിലെന്നും ഖേംക ആരോപിക്കുന്നുണ്ട്. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി നടത്തിയ ഭൂമി ഇടപാടിനെതിരെ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു.
















