ന്യൂദല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഭീകരസംഘടനയില്‍ ചേരുമെന്ന് പ്രഖ്യാപിച്ച് വീടുവിട്ടിറങ്ങിയ പത്രപ്രവര്‍ത്തകന്‍ ദല്‍ഹിയില്‍ അറസ്റ്റിലായി. നവി മുംബൈ സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ സുബൈര്‍ അഹമ്മദ് ഖാനാണ് പിടിയിലായത്. ഇയാളെ ദല്‍ഹിയിലെ വസന്ത് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. മുംബൈ പോലീസും ദല്‍ഹിയിലെത്തിയിട്ടുണ്ട്. ജേര്‍ണലിസ്റ്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് എന്ന പത്രത്തിന്റെ ചീഫ് എഡിറ്ററാണ് താനെന്നാണ് സുബൈര്‍ അവകാശപ്പെടുന്നത്.
കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ ഐഎസില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എഎസ് തലവന്‍ അബു ബകര്‍ അല്‍ ബാഗ്ദാദിക്ക് അയച്ച സന്ദേശം പുറത്തുവന്നതോടെ മുംബൈ പോലീസ് ദിവസങ്ങളായി ഇയാളുടെ പിന്നാലെയായിരുന്നു. ഐഎസില്‍ ചേരാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും കഴിഞ്ഞ ദിവസം തൂക്കിലേറ്റിയ ഭീകരന്‍ യാക്കൂബ് മേമന്‍ രക്ഷസാക്ഷിയാണെന്നും വിവരിക്കുന്ന സുബൈറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടയാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഭാരത പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ തയ്യാറാണെന്നും ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ ഭാഗമായി മാറുമെന്നും ഫേസ്ബുക്കിലൂടെ സുബൈര്‍ പറഞ്ഞു.
ചൊവ്വാഴ്ച മുംബൈയിലെ ബാന്ദ്രയില്‍ പോലീസ് ഇയാള്‍ക്കായി വലവിരിച്ചെങ്കിലും അവിടെ നിന്നും രക്ഷപ്പെട്ടാണ് ദല്‍ഹിയിലെത്തിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങള്‍. തുടര്‍ന്ന് ദല്‍ഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസില്‍ കയറിയതായും വിവരം ലഭിച്ചു. ദല്‍ഹിയിലെ ഇറാഖ് എംബസിയിലെത്തി തന്റെ ആഗ്രഹം അറിയിക്കുമെന്നും ഇസ്ലാമിക് സ്റ്റേറ്റ്‌സിലെ വിദേശകാര്യവക്താവോ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകനോ ആവണമെന്ന ആഗ്രഹമുണ്ടെന്നുമായിരുന്നു ഫേസ്ബുക്കിലെ മറ്റു വിവരങ്ങള്‍. ദല്‍ഹിയിലെത്തിയ സുബൈറിനെ പോലീസും രഹസ്യാന്വേഷണ വിഭാഗവും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
















