ന്യൂദല്‍ഹി: സഭാ നടപടികളുമായി സഹകരിക്കാന്‍ തയാറാണെങ്കില്‍ 25 കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ തയാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എസ്. വെങ്കയ്യനായിഡു അറിയിച്ചു.
സമാജ്‌വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് സഭയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു നായിഡുവിന്റെ പ്രതികരണം. എം.പിമാര്‍ ലോക്‍സഭാ സ്പീക്കറെ കണ്ട് സഭാനടപടികള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടു പോവാന്‍ സഹകരിക്കുമെന്ന് ഉറപ്പ് നല്‍കണം.
കോണ്‍ഗ്രസിനോടൊപ്പം സഭവിട്ടു പുറത്തുപോയ സമാജ്‌വാദി പാര്‍ട്ടി, ഇടതുപാര്‍ട്ടി എം.പിമാര്‍ സഭയിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും നായിഡു പറഞ്ഞു.
ചൊവ്വാഴ്‌ച്ച സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് 25 കോണ്‍ഗ്രസ് എം.പിമാര്‍ക്കാണ് സ്പീക്കര്‍ സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് ഇതിനെതിരെ സോണിയാ ഗാന്ധിയുടെ നേതൃത്ത്വത്തില്‍ പാര്‍ലമെന്റിന് മുമ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു.
















