കൊല്‍ക്കത്ത: കോടികളുടെ ശാരദ ചിട്ടി തട്ടിപ്പു കേസില്‍ ഉള്‍പ്പെട്ട പശ്ചിമബംഗാള്‍ ഗതാഗതമന്ത്രി മദന്‍ മിത്രയുടെ ജാമ്യ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളി. പ്രതിയെ വിട്ടയച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതായി പരിഗണിച്ചാണ് ഹര്‍ജി തള്ളിയത്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണ് മദന്‍ മിത്രയ്‌ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. നിലവില്‍ സിബിഐയാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്.
ശാരദ ചിട്ടിതട്ടിപ്പു കേസില്‍ മദന്‍ മിത്രയ്‌ക്കു നേരിട്ട് പങ്കാളിത്തമില്ലെന്നും എന്നിട്ടും അദ്ദേഹത്തിന് ജാമ്യം അനുവദിക്കാത്തത് ഐപിസി സെക്ഷന്‍ 409ന് വിരുദ്ധമാണെന്നും കപില്‍ സിബല്‍ ഹൈക്കോടതിയില്‍ അറിയിച്ചു. എന്നാല്‍ പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും തുടര്‍ അന്വേഷണങ്ങള്‍ക്ക് മദന്‍ മിത്രയെ കസ്റ്റഡിയില്‍ വിടണമെന്നുമുള്ള സിബിഐയുടെ വാദം അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ജസ്റ്റീസ് നിഷിത മഹാത്രേ, ജസ്റ്റിസ് ആഷ അറോറ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കോടികളുടെ പണം തട്ടിപ്പു കേസില്‍ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മദന്‍ മിത്രയെ കഴിഞ്ഞ ഡിസംബര്‍ 12നാണ് സിബിഐ അറസ്റ്റു ചെയ്തത്. കുറ്റകരമായ ഗൂഢാലോചന, വഞ്ചന, ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കല്‍ എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനുമേല്‍ ആരോപിച്ചിരിക്കുന്നത്. ശാരദ ഗ്രൂപ്പില്‍ നിന്നും പണം കൈപ്പറ്റിയതായും ആരോപണമുണ്ട്. എട്ടു മാസത്തോളമായി മിത്ര സിബിഐ കസ്റ്റഡിയില്‍ ജയിലിലാണ്.
















