ന്യൂദല്‍ഹി: സിബിഐ നിലവില്‍ ആയിരത്തി ഒരുനൂറോളം കേസുകളില്‍ അന്വേഷണം നടത്തി വരികയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കണക്കു പ്രകാരം 1126 കേസുകളിലാണ് സിബിഐ അന്വേഷണം നടത്തിവരുന്നത്. രാജ്യസഭയിലെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് കേന്ദ്രേമന്ത്രി ഇക്കാര്യം അറിയിച്ചത്. ക്രിമിനല്‍ നടപടിക്രമങ്ങളനുസരിച്ചാണ് സിബിഐ കേസന്വേഷണം നടത്തുന്നത്.
ചില കേസന്വേഷണങ്ങളില്‍ സിബിഐക്ക് കാലതാമസം സംഭവിക്കാറുണ്ട്. സാക്ഷികളുടെയെണ്ണം കൂടുതലുള്ളപ്പോഴാണ് ഇത്. നിരവധി രേഖകള്‍ പരിശോധിക്കേണ്ടതായും വിദഗ്ധ പരിശോധനകളും ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ കാലതാമസം സ്വാഭാവികമാണ്.
പ്രത്യേക സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സിബിഐയില്‍ നിന്നും ലഭിച്ചിട്ടുള്ള വിവരങ്ങള്‍ പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ജൂണിനുള്ളില്‍ 361 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
















